സൗദിയിൽ വീണ്ടും മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി

ജിദ്ദ: സൗദിയിൽ അകത്തും പുറത്തും വീണ്ടും മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി. നിയമം നാളെ രാവിലെ ഏഴ് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് കോവിഡ് വീണ്ടും വർധിച്ചു വരുന്ന സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോളതലത്തിലും പ്രാദേശികമായും കോവിഡ് വ്യാപന സാഹചര്യങ്ങളും സംഭവവികാസങ്ങൾക്കുമനുസരിച്ച് എല്ലാ നടപടിക്രമങ്ങളും മുൻകരുതലുകളും ആരോഗ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ വിലയിരുത്തലിന് വിധേയമായാണ് തീരുമാനം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എല്ലാവരും സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ തക്കതായ നിയമനടപടികളും പിഴകളും ഉണ്ടാവും. വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നത് പൂർത്തിയാക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

നേരത്തെ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപത് വരെയായി കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പുതിയ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. 602 പേർക്കാണ് ചൊവ്വാഴ്ച പുതുതായി രോഗം ബാധിച്ചത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനേര്‍പ്പെടുത്തിയ നടപടികളിൽ നേരത്തെ നൽകിയ ഇളവുകൾ വീണ്ടും രാജ്യത്ത് തിരിച്ചുകൊണ്ടുവരുന്നത്.

കഴിഞ്ഞ ഒക്ടോബർ 17 മുതൽ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ലെന്നും എന്നാൽ അടച്ചിട്ട സ്ഥലങ്ങളില്‍ മാത്രം ഇവ ധരിച്ചാൽ മതിയെന്നും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലവും നിർബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ ഇളവുകളാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്. നേരത്തെ നിലവിൽ വരികയും ശേഷം എടുത്തുകളയുകയും ചെയ്ത മറ്റു നിയന്ത്രണങ്ങൾ കൂടി രാജ്യത്ത് തിരിച്ചുവരുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യ നിവാസികൾ. 

Tags:    
News Summary - mask and social distance again mandatory in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.