റിയാദ്: പ്രവാസി മലയാളികളുടെ ഫുട്ബാൾ ഹരത്തിന് മാറ്റുകൂട്ടി മീഡിയവൺ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ സമാപിച്ചു. ശനിയാഴ്ച പുലർച്ചെ വിജയികളെ നിർണയിക്കുന്ന കലാശപ്പോരാട്ടം നടക്കും. മൻസൂർ റബീഅ, യൂത്ത് ഇന്ത്യ, സ്പോർട്ടിങ് എഫ്.സി, റിയൽ കേരള എന്നിവർ സെമിയിൽ പ്രവേശിച്ചു.
ശൈത്യകാല രാത്രിയിൽ റിയാദിലെ സുലൈ അൽ മുതവാ പാർക്ക് സ്റ്റേഡിയത്തിൽ മത്സരത്തിെൻറ ആവേശം കാണികൾക്ക് ചൂട് പകർന്നു.
മൻസൂർ റബീഅയും നഹ്ദ എഫ്.സിയും തമ്മിലെ ആദ്യ ക്വാർട്ടറിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മൻസൂർ റബിഅ വിജയം വരിച്ചത്.
ആദ്യപകുതിയിൽ നിഷാം നേടിയ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ ഷിബിലിയുടെ ഒരു ഗോളുമാണ് മൻസൂർ റബിഅക്ക് സെമി പ്രവേശനം എളുപ്പമാക്കിയത്. മികച്ച കളി പുറത്തെടുത്ത ഷിബിലിക്ക് മാൻ ഓഫ് ദി മാച്ച് പുരസ്കാരം അറബ് ഡ്രീംസ് എം.ഡി അമീർ സമ്മാനിച്ചു.
യൂത്ത് ഇന്ത്യ സോക്കറും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയും തമ്മിലെ രണ്ടാം മത്സരം യൂത്ത് ഇന്ത്യയുടെ സമ്പൂർണ ആധിപത്യത്തിലായിരുന്നു (6-1). ഹസീം, നിയാസ്, അഖിൽ എന്നിവർ രണ്ട് തവണ വീതം ലക്ഷ്യം കണ്ടപ്പോൾ നാസർ നേടിയ ഗോൾ മാത്രമാണ് ബ്ലാക്ക് ആൻഡ് വൈറ്റിന് ആശ്വാസമായത്. കളിയിൽ കേമനായ നിയാസിന് ടൂർണമെൻറ് കമ്മിറ്റിയംഗം താജുദ്ദീൻ ഓമശേരി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സമ്മാനിച്ചു.
റിഫ പ്രതിനിധികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, മുസ്തഫ മമ്പാട്, ഉമർ, ബഷീർ കാരന്തൂർ, ജുനൈസ് വാഴക്കാട്, നാസർ മാവൂർ, ആദിൽ, ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളായ താജുദ്ദീൻ ഓമശ്ശേരി, റഹ്മത്ത് തിരുത്തിയാട്, റിഷാദ് എളമരം, ഹിഷാം അബൂബക്കർ, മീഡിയവൺ റിപ്പോർട്ടർ മിഷേൽ, സീനിയർ ഓഫിസർ ഇല്യാസ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
സമനിലയിലായ മൂന്നാമത്തെ ക്വാർട്ടർ ഷൂട്ടൗട്ടിലാണ് പര്യാവസാനിച്ചത്. മൂന്നിനെതിരെ നാല് ഗോളിന് സുലൈ എഫ്.സിയെ പരാജയപ്പെടുത്തി സ്പോർട്ടിങ് എഫ്.സിയാണ് സെമിബെർത്ത് നേടിയത്. സ്പോർട്ടിങ് എഫ്.സിയുടെ ഗോൾവലയം കാത്ത മുഹമ്മദ് റാഷിദ് മികച്ച കളിക്കാരനുള്ള പുരസ്കാരം കംഫർട്ട് ട്രാവൽസ് എം.ഡി മുജീബ് ഉപ്പടയിൽനിന്നും സ്വീകരിച്ചു.
റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സിയും റിയൽ കേരള എഫ്.സിയും തമ്മിലെ നാലാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റിയൽ കേരള സെമിയിൽ പ്രവേശിച്ചു. ആസിഫ്, ആഷിഖ്, ഷഹ്ജാസ് എന്നിവർ റിയൽ കേരളക്ക് വേണ്ടി ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
ഹാരിസിന്റെ വകയായിരുന്നു റിയാദ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ. കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റിയൽ കേരളയുടെ ആഷിഖ് ടൂർണമെൻറ് കമ്മിറ്റി അസി. കൺവീനർ മുഹമ്മദ് ഫൈസലിൽനിന്നും ആദരഫലകം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.