റിയാദ്: മൂന്നാമത് മീഡിയവൺ സൂപ്പർ കപ്പ് ആദ്യ ദിനത്തിൽ വന്മരങ്ങളെ വെട്ടിവീഴ്ത്തിയുള്ള പോരാട്ട മികവും അട്ടിമറി വിജയവും കൊണ്ട് ശ്രദ്ധേയമായി. കരുത്തരായ അസീസിയ സോക്കറിനെ രണ്ട് ഗോളുകൾക്ക് തറപറ്റിച്ചായിരുന്നു മൻസൂർ റബീഅ എഫ്.സിയുടെ സൂപ്പർ കപ്പിലെ കന്നിപ്പോരാട്ടം. കളിയുടെ 35ാം മിനിറ്റിൽ മൻസൂർ റബീഅക്ക് ലഭിച്ച പെനാൽറ്റിയും 46ാം മിനിറ്റിൽ ഗോൾകീപ്പർ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച മറ്റൊരു പെനാൽറ്റി കിക്കും ഗോളിൽ കലാശിച്ചു (2-0).
രണ്ടാം പകുതിയിൽ പരുക്കൻ കളികൾ പുറത്തെടുത്തതിനെത്തുടർന്ന് റഫറിക്ക് ചുവപ്പ് കാർഡ് കാണിക്കേണ്ടിവന്നു. രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച ശിബിലിനുള്ള കിങ് ഓഫ് ദ മാച്ച് പുരസ്കാരം മീഡിയവൺ ചീഫ് കറസ്പോണ്ടന്റ് അഫ്താബ് റഹ്മാൻ സമ്മാനിച്ചു. യൂത്ത് ഇന്ത്യ എഫ്.സി, എ.ജി.സി യുനൈറ്റഡ് എഫ്.സിയുമായി നടന്ന മത്സരം തികച്ചും ഏകപക്ഷീയമായി. എ.ജി.സിയുടെ ഗോൾ മുഖം 10 മിനിറ്റിൽ മാത്രമേ സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞുള്ളൂ. നിയാസ് രണ്ടുതവണയും അസീം, അജിത്, അഖിൽ, റബീഅ് എന്നിവർ ഓരോ തവണയും യൂത്ത് ഇന്ത്യക്കുവേണ്ടി വലകുലുക്കി.
രണ്ട് ഗോളും മൂന്ന് അസിസ്റ്റും നടത്തിയ നിയാസ് മാൻ ഓഫ് ദ മാച്ച് മാച്ചായി. ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്റഫ് കൊടിഞ്ഞി പുരസ്കാരം നൽകി. ഈ വർഷത്തെ റിഫ ചാമ്പ്യന്മാരായ ലാന്റോൺ എഫ്.സിയും നഹ്ദ എഫ്.സിയും തമ്മിൽ നടന്ന മൂന്നാമത്തെ മത്സരത്തിൽ ലാന്റോൺ മുന്നേറ്റങ്ങൾ പലതും നടത്തിയെങ്കിലും നഹ്ദയുടെ പ്രതിരോധം മറികടക്കാനായില്ല.
4ാം മിനിറ്റിൽ അജ്മൽ ലാന്റോൺ എഫ്.സിയെ ഞെട്ടിച്ചു നഹ്ദയുടെ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സിനാൻ നേടിയ പെനാൽറ്റിയിലൂടെ ലാന്റോൺ തിരിച്ചുവന്നു. സമനിലയെത്തുടർന്ന് നടന്ന ടൈ ബ്രേക്കറിൽ നഹ്ദ എഫ്.സി റിഫ ചാമ്പ്യന്മാരെ അട്ടിമറിച്ചു. നഹ്ദയുടെ താരമായ അജ്മലിന് മാൻ ഓഫ് ദ മാച്ച് ബഹുമതി റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര സമ്മാനിച്ചു.
റെയിൻബോ എഫ്.സിയും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയും തമ്മിൽ നടന്ന അവസാന മത്സരം ഓരോ ഗോളുകൾ അടിച്ചു സമനിലയിൽ പിരിഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റിനു വേണ്ടി സാലിഹും റെയിൻബോക്ക് വേണ്ടി നിഷാലും സ്കോർ ചെയ്തു. പെനാൽറ്റിയിൽ അവസാനചിരി ബ്ലാക്ക് ആൻഡ് വൈറ്റിന്റേതായിരുന്നു. മുഹമ്മദ് നിഷാൽ കളിയിലെ കേമനായി.
സൗദി റഫറിമാരായ അലി അൽഖഹ്താനി, സലിം അൽ സമ്മാരി, അഹ്മദ് അബ്ദുൽ ഹാദി, അബ്ദുറഹ്മാൻ അത്തയാർ എന്നിവർ മത്സരം നിയന്ത്രിച്ചു. അഫ്താബ്റഹ്മാൻ, ഹസനുൽ ബന്ന (മീഡിയവൺ), റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, ബഷീർ കാരന്തൂർ, കുട്ടൻ ബാബു, ജുനൈസ് വാഴക്കാട്, മുസ്തഫ മമ്പാട്, നാസർ മാവൂർ, ആദിൽ, ഉമർ, തനിമ നേതാക്കളായ സിദ്ദിഖ് ബിൻ ജമാൽ, തൗഫീഖ് റഹ്മാൻ, സദറുദ്ദീൻ കിഴിശ്ശേരി, താജുദ്ദീൻ ഓമശ്ശേരി, റഹ്മത്ത് തിരുത്തിയാട്, ഖലീൽ പാലോട്, ലത്തീഫ് ഓമശ്ശേരി, ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി, ഷാനിദ് അലി, മുഹമ്മദ് ഫൈസൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.