റിയാദ്: ഇന്ത്യൻ സംഗീത ലോകത്തിന്റെ കുലപതികളായ മുഹമ്മദ് റഫിക്കും ലത മങ്കേഷ്കറിനും കിഷോർ കുമാറിനും പുതുതലമുറയുടെ സ്മരണാഞ്ജലിയായി 'മെമ്മറീസ് ഓഫ് ലെജൻഡ്സ്'. ഇന്ത്യൻ ഐഡോൾ ഫെയിം പവൻദീപ് രാജനും യുവഗായിക യുംന അജിനും റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ സ്വരരാഗ വിസ്മയങ്ങൾ തീർത്ത് അനുവാചകർക്ക് സംഗീതസാന്ദ്രമായ ഒരു സായാഹ്നം പകർന്നുനൽകി. ഇതിഹാസ സംഗീതജ്ഞർ നൗഷാദും എസ്.ഡി ബർമനും ബോംബെ രവിയും മദൻ മോഹനുമെല്ലാം ഈണം നൽകിയ മുഹമ്മദ് റഫിയുടെയും ലതാജിയുടെയും കിഷോർ കുമാറിന്റെയും ഈടുറ്റ ഗാനങ്ങളാണ് ഇരുവരും വേദിയിൽ അവതരിപ്പിച്ചത്.
സൗദി ദേശീയ ദിനത്തിന്റെയും വാരാന്ത്യത്തിന്റെയും ഒഴിവിൽ ഒഴുകിയെത്തിയ ഇന്ത്യൻ സംഗീത പ്രേമികൾക്കും സൗദി ആസ്വാദകർക്കും നവീനമായ അനുഭൂതിയാണ് സമ്മാനിച്ചത്. ഇന്ത്യൻ എംബസി 'ഗൾഫ് മാധ്യമ'വുമായി ചേർന്ന് ഇദംപ്രഥമമായാണ് ഇത്രയും വലിയൊരു ഷോ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാർക്കും ഇത് ആദ്യാനുഭവമാണ്. പ്രണയവും വിരഹവും ഭക്തിയും ദേശീയ ഉദ്ഗ്രഥനവുമെല്ലാം നിറഞ്ഞുനിന്ന സംഗീതനിശ, അവിരാമം ആലപിച്ച് ഇരു ഗായകരും വ്യത്യസ്തമായൊരു രാഗമാലിക തീർത്തു. സൗദിയിലെ തന്റെ ആദ്യ സന്ദർശനം ഓർമയിൽ സൂക്ഷിക്കാവുന്ന മനോഹരമായ അനുഭവമാണെന്നും ധാരാളം സംഗീതാസ്വാദകരായ ഇന്ത്യക്കാരെ കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും പവൻദീപ് രാജൻ പറഞ്ഞു. ബുധനാഴ്ച രാത്രി റിയാദിലെത്തിയ ഗായകസംഘം ശനിയാഴ്ച ഇന്ത്യയിലേക്ക് തിരിച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് ഗായിക അരുണിത കാൻജിലാൽ സംഘത്തിൽ ഇല്ലാതെപോയതെന്ന് സംഘാടക വൃത്തങ്ങൾ അറിയിച്ചു. നർത്തകനും കൊറിയോഗ്രാഫറുമായ വിഷ്ണു വിജയൻ ചിട്ടപ്പെടുത്തിയ ദേശീയോദ്ഗ്രഥന നൃത്തത്തോടെയാണ് 'മെമ്മറീസ് ഓഫ് ലെജൻഡ്സി'ന് നാന്ദി കുറിച്ചത്. എംബസി ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, പ്രായോജകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
റിയാദ്: ഇന്ത്യയിലെ സെലിബ്രിറ്റി പുതുഗായക നിരയിലെ യുംന അജിൻ അവസാന നിമിഷത്തിലാണ് റിയാദിൽ പറന്നിറങ്ങിയത്. സീ ടി.വിയുടെ സരിഗമയിലും സോണിയുടെ ജൂനിയർ ഐഡോളിലും അങ്കം കുറിച്ചതാണ് ഈ ഗായിക.
പരപ്പനങ്ങാടി എസ്.എൻ.എം.എച്ച് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി കൂടിയാണ് യുംന. സംഗീതത്തെ പ്രണയിക്കുന്ന കുടുംബത്തിലാണ് യുംന അജിൻ ജനിച്ചത്. ജി.സി.സി രാജ്യങ്ങളിൽ യുംനയുടെ അറബി ഗാനങ്ങൾക്ക് വൻ സ്വീകാര്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.