റിയാദ്: സംഗീത ലോകത്തെ നവതരംഗവും ഇന്ത്യൻ ടെലിവിഷൻ റിയാലിറ്റി ഷോയിലെ പുതിയ താരോദയങ്ങളുമായ പവൻദീപ് രാജയും അരുണിത കാൻജിലാലും ആദ്യമായി സൗദിയിലെത്തുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെയും സൗദി ദേശീയദിനാഘോഷത്തിന്റെയും ഭാഗമായി ഇന്ത്യൻ എംബസിയും 'ഗൾഫ് മാധ്യമ'വുമൊരുക്കുന്ന സംഗീതവിരുന്നിൽ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. സെപ്റ്റംബർ 23ന് (വെള്ളിയാഴ്ച) റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിലാണ് 'മെമ്മറീസ് ഓഫ് ലെജൻഡ്സ്' എന്നപേരിലുള്ള സംഗീതനിശ അരങ്ങേറുക. തികച്ചും സൗജന്യമായി നടക്കുന്ന ഈ ഷോയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പ്രവേശനം. 'ഗൾഫ് മാധ്യമ'ത്തിെൻറ ഫേസ്ബുക്ക് പേജിൽ ഇതുസംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കും.
സംഗീത ലോകത്തിലെ കുലപതികൾ ഈണം നൽകിയ ഗാനങ്ങളും തലമുറകൾ പ്രണയാർദ്രതയോടെ നെഞ്ചിൽ സൂക്ഷിച്ച വരികളും ഒരിക്കൽ കൂടി മരുഭൂമിയിൽ പെയ്തിറങ്ങും.
ഇന്ത്യൻ സംഗീതത്തിന്റെ മാസ്മരിക ധ്വനികളും പുതുലോകത്തിന്റെ ട്രെൻഡുകളും ഏറ്റുവാങ്ങാൻ അതിരുകൾ ഭേദിച്ച് സംഗീതപ്രേമികൾ ഒഴുകിയെത്തും. ന്യൂജെൻ പാട്ടുകാരായ പവൻദീപ് രാജയുടെയും അരുണിത കാൻജിലാലിന്റെയും നിരവധി ആരാധകർ വിവിധ ദേശക്കാരായി സൗദിയിലുണ്ട്. അവരുടെ സ്വപ്ന സാഫല്യത്തിന്റെ നിമിഷങ്ങൾ കൂടിയായിരിക്കും ഈ സംഗീതരാവ്. വൈകീട്ട് ആറ് മുതലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. എന്നാൽ രജിസ്ട്രേഷനിലൂടെ നിയന്ത്രിക്കും. സൗജന്യ എൻട്രി പാസ് രജിസ്ട്രേഷനായി https://www.madhyamam.com/mol എന്ന ലിങ്ക് സന്ദർശിക്കണം.
ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ സംഗീത റിയാലിറ്റി ഷോകളിലൊന്നായ ഇന്ത്യൻ ഐഡോൾ സീസൺ 12-ലെ വിജയിയാണ് പവൻദീപ് രാജൻ. സംഗീത കുടുംബത്തിലാണ് പവൻദീപ് ജനിച്ചത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക ചടങ്ങുകളിലും പൊതുപരിപാടികളിലും ഗായകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
കോളജ് യങ് ഫെസ്റ്റിൽ പവൻദീപ് പാടുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്തിരുന്നു. വിവിധ വേദികളിൽ പെർഫോം ചെയ്യുമ്പോൾതന്നെ റിയാലിറ്റി സംഗീത ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 2015ൽ 'ദി വോയ്‌സ് ഓഫ് ഇന്ത്യ'യുടെ ഓഡിഷനിൽ പങ്കെടുത്ത് ഷോയിൽ വിജയിച്ചു. ഐഡോൾ 12നുശേഷം ഈ ഗായകന് സംഗീത രംഗത്ത് നിരവധി ഓഫറുകൾ ലഭിച്ചു.
പവൻദീപ് രാജൻ വിജയിയായ ഇന്ത്യൻ ഐഡോൾ സീസൺ 12ലെ രണ്ടാം സ്ഥാനക്കാരിയാണ് അരുണിത കാൻജിലാൽ. ഐഡോൾ 12ൽ പങ്കെടുത്തതോടെ അരുണിത വീട്ടകങ്ങളിൽവരെ പ്രിയപ്പെട്ട താരമായി മാറി. തന്റെ ശ്രുതിമധുരമായ ശബ്ദം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഷോയിലെ ഫസ്റ്റ് റണ്ണറപ്പായി എന്നത് ശ്രദ്ധേയമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രീതി നേടുകയും ആളുകൾ അവരുടെ ഫാൻസ് പേജുകൾ ആരംഭിക്കുകയും ചെയ്തു.
കെ.എസ്. ചിത്ര നയിച്ച 'അഹ്‌ലൻ കേരള'ക്കുശേഷം ഗൾഫ് മാധ്യമം റിയാദിൽ നടത്തുന്ന മെഗാ ഷോയാണ് 'മെമ്മറീസ് ഓഫ് ലെജൻഡ്സ്'. ഇരു രാഷ്ട്രങ്ങളുടെയും ദേശീയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ പരിപാടി സൗദി ഇന്ത്യൻ പ്രവാസികളുടെ ചരിത്രത്തിലെ സുവർണ നിമിഷങ്ങളായി അടയാളപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.