സൗദിയിൽ കോവിഡ് നിയമലംഘനത്തിനുള്ള പിഴ അടക്കണമെന്ന സന്ദേശം; നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി

ജിദ്ദ: സൗദിയിൽ കോവിഡ് കാലത്തെ നിയമലംഘനങ്ങൾക്ക് ചുമത്തിയിരുന്ന പിഴകൾ അടക്കണമെന്ന സന്ദേശം നിരവധി പ്രവാസികൾക്ക് തിരിച്ചടിയാവുന്നു. കർഫ്യൂ ലംഘിച്ചതിനും കോവിഡ് പ്രതിരോധ നടപടികൾ ലംഘിച്ചതിനും മറ്റുമായി സൗദി ആഭ്യന്തര മന്ത്രാലയം ചുമത്തിയ പിഴകൾ സന്ദേശം ലഭിച്ച് 15 ദിവസത്തിനകം അടക്കണമെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

കോവിഡ് രൂക്ഷമായ സമയത്ത് മാസ്ക് ധരിക്കാത്തതിന് 1,000 റിയാൽ മുതൽ കർഫ്യൂ ലംഘിച്ചതിന് 10,000 റിയാൽ വരെയായിരുന്നു പിഴ ചുമത്തിയിരുന്നത്. നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള വിവിധ പിഴകൾ ലഭിച്ചിരുന്നു. പിഴ അടക്കാതിരുന്നത് കൊണ്ട് ഇഖാമ (താമസരേഖ) പുതുക്കാതിരിക്കുകയോ എക്സിറ്റ് റീ-എൻട്രി വിസയിൽ നാട്ടിൽ പോവുന്നതിനോ മറ്റോ യാതൊരു വിധ തടസങ്ങളും ഉണ്ടാകാതിരുന്നത് കൊണ്ട് മഹാഭൂരിപക്ഷം പേരും ഈ പിഴകൾ ഇതുവരെ അടച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പിഴകൾ 15 ദിവസത്തിനകം അടക്കണമെന്ന സന്ദേശം പിഴ കിട്ടിയവർക്കെല്ലാം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 1,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തിയ എല്ലാവർക്കും അവരുടെ അംഗീകൃത മൊബൈൽ നമ്പറിലേക്ക് ഇത്തരം സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സന്ദേശം ലഭിച്ച് 15 ദിവസത്തിനകം പിഴകൾ അടക്കാത്തപക്ഷം ഇത്തരം നിയമ ലംഘകർക്കെതിരെ മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നുള്ള സന്ദേശവും മിക്ക ആളുകൾക്കും ലഭിച്ചിട്ടുണ്ട്.


ഇത്തരം നിയമലംഘനങ്ങളുടെ പിഴകൾ കൈകാര്യം ചെയ്യുന്ന ഈഫാ പ്ലാറ്റ്‌ഫോമിൽ (Efaa.sa) നിന്നാണ് സന്ദേശം ലഭിക്കുന്നത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും മറ്റും 10,000 റിയാൽ ഒന്നിച്ചു പിഴ അടക്കാൻ സാധിക്കില്ല. ഇത്തരക്കാരാണ് വലിയ തുക പിഴ അടക്കാനുള്ള സന്ദേശത്തിൽ ഏറെ പ്രയാസം അനുഭവിക്കുന്നത്. കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കിൽ എന്ത് നിയമനടപടിയായിരിക്കും ഉണ്ടാവുക എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

വലിയ തുക പിഴ അടക്കാൻ തവണ വ്യവസ്ഥ നൽകുകയോ പിഴ അടക്കുന്നതിൽ നിന്ന് ഇളവ് പ്രഖ്യാപനം വരുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇത്തരക്കാർ. https://efaa.sa എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ പേരിൽ ഇത്തരം പിഴകൾ വന്നിട്ടുണ്ടോ എന്ന് ആർക്കും ചെക്ക് ചെയ്യാവുന്നതാണ്.

Tags:    
News Summary - Message to pay a fine for breaking the Covid law in Saudi Arabia affected many expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.