മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മുഴുവൻ തീർഥാടകരും മിന താഴ്വരയോട് വിടപറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ തിരികെയാത്ര വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയായി. ആറ് ദിവസമായി ജനസാഗരമായിരുന്ന കൂടാര നഗരം ഇതോടെ വിജനതക്ക് വഴിമാറി. അതേ സമയം അവസാന ദിവസം മിനയിൽ നിന്ന് പുറപ്പെട്ട ഹാജിമാർ താമസകേന്ദ്രത്തിലെത്താൻ വൈകി.
ഗതാഗതത്തിരക്കും ചില ബസ് ഡ്രൈവർമാർക്ക് വഴിയറിയാത്ത പ്രശ്നവും ലക്ഷ്യത്തിലെത്തുന്നതിന് തടസ്സമായതായി തീർഥാടകർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ മുഴുവൻ പേരും മക്ക അസീസിയയിലെയും ഹറം പരിസരത്തെയും താമസകേന്ദ്രങ്ങളിലെത്തി. വ്യാഴാഴ്ച കർമങ്ങൾ പൂർത്തിയാക്കി മടങ്ങിയവർക്ക് ഇന്നലെ ഹറമിലെ ജുമുഅയിൽ പെങ്കടുക്കാനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മഖേന എത്തിയ മലയാളി ഹാജിമാർ വെള്ളിയാഴ്ചയാണ് മിനയിൽ നിന്ന് മടങ്ങിയത്. അവർ ആറ് ദിവസത്തെ മിനാവാസം കഴിഞ്ഞാണ് മടങ്ങിയത്. അവസാന ദിവസവും കടുത്ത ചൂടുണ്ടായിരുന്നു മിനയിൽ. അതേ സമയം സൂര്യാസ്തമയത്തോടെ പല ദിവസങ്ങളിലും തണുത്ത കാറ്റ് വീശി. അറഫ ദിനത്തിന് തലേന്ന് നേരിയ മഴ ലഭിച്ചിരുന്നു. പകുതിയോളം ഹാജിമാർ നേരത്തെ മടങ്ങിയതിനാൽ വെള്ളിയാഴ്ച മിനയിലെ തിരക്കിന് ശമനമുണ്ടായി.
ആഗസ്റ്റ് 27 മുതലാണ് ഇന്ത്യൻ ഹാജിമാരുടെ തിരിച്ചുപോക്ക് തുടങ്ങുക. കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയ ആദ്യ സംഘം സെപ്റ്റംബർ 12^ന് നാട്ടിലെത്തും. അതേ സമയം സ്വകാര്യ ഗ്രുപ് വഴി എത്തിയവർ ഇതിനകം നാട്ടിൽ എത്തിത്തുടങ്ങി. വിദേശ രാജ്യങ്ങളിലേക്കുള്ള ഹാജിമാരുടെ മടക്കം വെള്ളിയാഴ്ച ജിദ്ദ വിമാനത്താവളത്തിൽ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.