റിയാദ്: വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകാൻ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് സൗദി മനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിർദേശം. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്വകാര്യമേഖല സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി അറിയിച്ചു. വിദ്യാർഥി കാലഘട്ടം മുതലേ രാജ്യത്തെ തൊഴിൽ വിപണിക്ക് അനുയോജ്യരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലന പരിപാടിയാണ് മന്ത്രാലയം ആവിഷ്കരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനം അംഗീകരിച്ച പഠനപദ്ധതിക്കും തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും അനുസരിച്ചുള്ള തൊഴിൽ പരിശീലനമാണ് നൽകേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും വികസനത്തിനും വളർച്ചക്കുമുള്ള അവസരങ്ങൾ നിലനിർത്താനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
സർവകലാശാല, കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളെ തൊഴിൽ വിപണിക്ക് അനുയോജ്യമായ യോഗ്യത നേടാൻ പ്രാപ്തരാക്കുന്നതാണ് നടപടി. അവരുടെ പ്രകടന നിലവാരം ഉയർത്തുകയും ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി പ്രായോഗിക ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ഉദ്ദേശ്യം.
ഇത് ബിരുദാനന്തര വിദ്യാർഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നേടാനുള്ള സാധ്യത വർധിപ്പിക്കുന്നതിന് സഹായിക്കും. തൊഴിൽ സംവിധാനത്തിന് വിധേയമായി പരിശീലനം ഒരുക്കുന്നതിന് സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ ഉടമ്പടിയുണ്ടാക്കണം. അത് രേഖാപരവും നിശ്ചിത കാലയളവ് വ്യക്തമാക്കുന്നതുമാകണം. ആവശ്യമായ വൈദഗ്ധ്യവും പരിശീലനം നൽകുന്ന തൊഴിലും എന്താണെന്ന് വ്യക്തമാക്കിയിരിക്കണം.
പരിശീലനകാലം പൂർത്തിയാക്കിയാൽ പാസ് സർട്ടിഫിക്കറ്റ് നൽകണം. ഈ പരിശീലന പദ്ധതി സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ മന്ത്രാലയം തയാറാക്കി പുറത്തിറക്കിയിട്ടുണ്ട്. മന്ത്രാലയ വെബ്സൈറ്റ് വഴി ഇത് കാണാൻ കഴിയും. പരിശീലനം അനുവദിക്കാതിരിക്കുകയോ നടപ്പാക്കുന്നതിൽ പിഴവുണ്ടാവുകയോ ചെയ്താൽ സ്ഥാപനത്തിന്മേൽ പിഴ ചുമത്തും. അത് ഒഴിവാക്കാൻ സ്ഥാപനങ്ങൾ നിർബന്ധമായും ഈ പുതിയ തീരുമാനം നടപ്പാക്കിയിരിക്കണമെന്നും ഗൈഡൻസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം, ജനറൽ കോർപറേഷൻ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഇൗ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിനായി ലക്ഷ്യമിട്ട സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി യോഗങ്ങളും ശിൽപശാലകളും മന്ത്രാലയം നടത്തിയിട്ടുണ്ട്. തൊഴിൽ വിപണിയിൽ സ്ഥിരതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അറിവും വൈദഗ്ധ്യവും പരിശീലന നിലവാരവും മെച്ചപ്പെടുത്താനുമുള്ള ശ്രമം മന്ത്രാലയം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.