ജിദ്ദ: രാജ്യത്ത് മദ്യത്തിനുള്ള നിരോധനം തുടരുമെന്ന് സൗദി അറേബ്യ. രാജ്യത്തെ ചില പ്രത്യേക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവാദം നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകം നിശ്ചയിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ വിദേശികളെ അനുവദിക്കുമെന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് നിഷേധിച്ചു. ഇത്തരമൊരു കാര്യത്തെ കുറിച്ച് സൗദി അധികൃതർ ആലോചിച്ചിട്ടുപോലുമില്ല. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുമുമ്പ് വിനോദ സഞ്ചാരികളുടെ ഇഷ്ടങ്ങളറിയാൻ സൗദി ജനങ്ങൾക്കിടയിൽ സർവേ നടത്തിയിരുന്നു. സൗദിയിലെ മദ്യനിരോധനത്തിൽ വിദേശ ടൂറിസ്റ്റുകളിൽനിന്ന് പരാതികൾ ഉയർന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത വർഷം സ്വദേശികളും വിദേശികളും അടക്കം അഞ്ചുകോടി ടൂറിസ്റ്റുകൾ രാജ്യത്തെത്തും. ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള പദ്ധതിയും സൗദി തയാറാക്കിയതായി മന്ത്രി അറിയിച്ചു. സൗദിയിലെ നിയമമനുസരിച്ച് മദ്യവും ലഹരി പദാർഥങ്ങളും നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് നേരെ നിയമനടപടിയുണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.