റിയാദ്: പുരോഗമനത്തിന്റെയും സ്വതന്ത്രചിന്തയുടെയും പേരിൽ ധാർമികമൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സാമൂഹിക ഭദ്രതയെ തകർക്കുമെന്ന് റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) വാർഷിക കൗൺസിൽ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ലൈംഗികതയും അധാർമിക പ്രവണതകളും ലാക്കാക്കി ധാർമിക മൂല്യങ്ങൾ കൈവെടിയുകവഴി വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് ചിലർ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈഫ് സ്വാപ്പിങ് അടക്കമുള്ള നീചവൃത്തികൾ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ബോധവത്കരണവും നിയമനടപടികളും ഉണ്ടാവേണ്ടതുണ്ട്.
സമൂഹത്തിന്റെ സമാധാനവും നിർഭയത്വവും സുരക്ഷിത ബോധവും കെട്ടുറപ്പും നശിപ്പിക്കാൻ മാത്രമാണ് അതിരുകളില്ലാത്ത സ്വതന്ത്ര ലോകചിന്തകൾ കാരണമാവുക. ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിച്ചുള്ള ജീവിതത്തിന് മാത്രമേ ഇഹപര വിജയം സാധ്യമാവുകയുള്ളൂവെന്നും കൗൺസിൽ ഉദ്ബോധിപ്പിച്ചു. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദം തകർക്കാനുള്ള തൽപരകക്ഷികളുടെ നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. മയക്കുമരുന്നും വർഗീയ ചിന്തകളും സ്വതന്ത്രലൈംഗികതയും ഭാവിതലമുറയുടെ ജീവിതസാഹചര്യങ്ങളെ മലീമസമാക്കുന്നതിനെതിരെ പൊതുസമൂഹം ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
സുലൈ ശലാൽ ഇസ്തിറാഹയിൽ നടന്ന കൗൺസിൽ പഠനസെഷനിൽ ഉസാമ ബിൻ ഫൈസൽ, മുഹമ്മദ് ഇക്ബാൽ കൊല്ലം, അഡ്വ. ഹബീബ് റഹ്മാൻ, നബീൽ പയ്യോളി, ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഷാജഹാൻ പടന്ന അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ വയനാട് സ്വാഗതവും സാജിർ തലശ്ശേരി നന്ദിയും പറഞ്ഞു.
സംഘടന സെഷനിൽ ആർ.ഐ.സി.സി കൺവീനർ എൻജി. ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു. വിവിധ വിങ്ങുകളെ പ്രതിനിധാനംചെയ്ത് ജാഫർ പൊന്നാനി (ക്യു.എച്ച്.എൽ.സി), യാസർ അറഫാത്ത് (ദഅവ), യൂസഫ് ശരീഫ് (നിച്ച് ഓഫ് ട്രൂത്ത്), അബ്ദുറഊഫ് സ്വലാഹി (ക്രിയേറ്റിവ് ഫോറം), മുജീബ് പൂക്കോട്ടൂർ (പുണ്യം), മൊയ്തു അരൂർ (എജുക്കേഷൻ), ഷാനിദ് കോഴിക്കോട് (ഐ.ടി ആൻഡ് ഫോക്കസ്), ഷനൂജ് അരീക്കോട് (ഫിനാൻസ്), ശിഹാബ് അലി (ഓർഗനൈസേഷൻ) എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ഏരിയ ഇസ്ലാഹി സെന്ററുകളെ പ്രതിനിധാനംചെയ്ത് ബഷീർ കുപ്പോടൻ (ബത്ഹ), ഉമർ ഫാറൂഖ് (ശിഫ), അസീർ കോഴിക്കോട് (ഉലയ), ഉബൈദ് തച്ചമ്പാറ (സുലൈ), മുസ്തഫ തിരൂർ (മലസ്), അർഷദ് സേട്ട് (ഓൾഡ് സനാഇയ), അമീൻ പൊന്നാനി (നസീം), നൗഷാദ് കണ്ണൂർ (റൗദ) തുടങ്ങിയവർ സംസാരിച്ചു. റിയാസ് ചൂരിയോട് സ്വാഗതവും അജ്മൽ കള്ളിയൻ നന്ദിയും പറഞ്ഞു. സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ താദിഖ് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുശഹീദ് ഫാറൂഖി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആർ.ഐ.സി.സി ചെയർമാൻ അഷ്റഫ് രാമനാട്ടുകര, ആരിഫ് മുഹമ്മദ് സ്വലാഹി എന്നിവർ സംസാരിച്ചു.
അബ്ദുറഹീം തലപ്പന, നസീഹ് അബ്ദുറഹ്മാൻ, അഷ്റഫ് പൂക്കോട്ടൂർ, നൗഷാദ് അരീക്കോട്, അബ്ദുസ്സലാം കുളപ്പുറം, സകരിയ കൊല്ലം, സൈനുദ്ദീൻ പൊന്നാനി, മഹ്റൂഫ് തൃശൂർ, യൂസുഫ് കൊല്ലം, നൂറുദ്ദീൻ തളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. കിഡ്സ് ആൻഡ് ടീൻസ് മീറ്റിൽ അബ്ദുറൗഫ് സ്വലാഹി, ഫാറൂഖ് സ്വലാഹി എടത്തനാട്ടുകാര, ആരിഫ് അൻവരി, ഷാജഹാൻ പടന്ന, മൊയ്തു അരൂർ, ഇമാദുദ്ദീൻ, ശഹജാസ് പയ്യോളി, അനീസ് എടവണ്ണ, മുഫീദ് മാട്ടൂൽ, ഇൻതിസാർ തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
കളറിങ് മത്സരത്തിൽ നൂഹ്, റസാൻ, ഫാത്തിൻ ആയിഷ, മുഹമ്മദ് ഫാദിൽ, മാസ്, ആബിദ് സൈൻ എന്നിവർ വിജയികളായി.
വനിത സംഗമത്തിൽ മുനീറ കൊളപ്പുറം മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ യു.കെ. സഹീദ അധ്യക്ഷത വഹിച്ചു. മുഫീദ, സബീഹ അരൂർ, യു.കെ. ഷഹന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.