ജിദ്ദ: പെര്‍മിറ്റില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ച പതിനേഴായിരത്തിലധികം പേരെ പിടികൂടിയതായി സുരക്ഷാ വിഭാഗം. അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചതിന് നിരവധി ഡ്രൈവർമാരും അറസ്റ്റിലായിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന നൂറിലധികം വ്യാജ ഹജ്ജ് സേവനകേന്ദ്രങ്ങളും അധികൃതർ കണ്ടെത്തി.
അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കും അതിന് സൗകര്യമൊരുക്കി കൊടുക്കുന്നവർക്കുമെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി ചെക്ക് പോസ്റ്റുകളിൽ ജവാസത്തിന്റെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളും പ്രവർത്തിച്ചിരുന്നു. ഇതൊന്നും വകവെക്കാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 17,615 പേരെയാണ് സുരക്ഷാവിഭാഗം പിടികൂടിയത്.
ഇതിൽ 9,509 പേര്‍ ഇഖാമ, തൊഴില്‍ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമാണ്. വിവിധ പ്രവിശ്യകളിലായി പ്രവര്‍ത്തിച്ചിരുന്ന 105 വ്യാജ ഹജ്ജ് സേവനസ്ഥാപനങ്ങളും സുരക്ഷാവിഭാഗം കണ്ടെത്തി. ഇവയുടെ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ്ജ് സുരക്ഷാകമ്മിറ്റി പ്രസിഡൻറുമായ ലെഫ്റ്റനൻറ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.
ഹജ്ജ് ദിവസങ്ങളിൽ അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 2,02,695 വിദേശികളെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയച്ചു. കൂടാതെ പ്രത്യേക പെര്‍മിറ്റ് നേടാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,28,999 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. മാത്രവുമല്ല ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 33 ഡ്രൈവര്‍മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.