റിയാദ്: ഹജ്ജ്, ഉംറ തീർഥാടകരുടെ സേവനത്തിന് സർക്കാർ, സ്വകാര്യ രംഗത്ത് 40ലധികം സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് പറഞ്ഞു. റിയാദിൽ ‘ഓപറേഷനൽ എക്സലൻസ്’ എന്ന പേരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകരുടെ ബാഗ് വിമാനത്താവളങ്ങളിൽനിന്ന് താമസകേന്ദ്രങ്ങളിലേക്കും തിരിച്ചും ബുദ്ധിമുട്ടില്ലാതെ എത്തിക്കുന്നത് ഈ സംവിധാനങ്ങളുടെ ഭാഗമായാണ്.
മദീന, ജിദ്ദ വിമാനത്താവളങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ സീസണിൽ ‘ഡോർ ടു ഡോർ ബാഗേജ് ഡെലിവറി’ പദ്ധതി ഭാഗികമായി നടപ്പാക്കിയിരുന്നു. കഴിഞ്ഞ വർഷം അരലക്ഷത്തിലേറെ ബാഗുകൾ എത്തിച്ചു. അടുത്ത വർഷത്തെ ഭൂരിഭാഗം തീർഥാടകരും ഈ സംരംഭത്തിെൻറ പ്രയോജനം നേടുമെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ സംവിധാനങ്ങളും തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ്. പ്രത്യേകിച്ച് ഹജ്ജ് സീസണിൽ. എണ്ണത്തിലും സേവനങ്ങൾ നൽകുന്ന രീതിയിലും ഉംറ സീസൺ അതിന് സമാനമാണെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ്, ഉംറ എന്നിവയിലെ പ്രധാന ലക്ഷ്യം ദൈവത്തിെൻറ അതിഥികൾക്ക് അനുഷ്ഠാനങ്ങൾ സുഗമമാക്കുകയാണ്. നല്ല ഓർമയയിൽ അവസാനിക്കുന്ന മനോഹരമായ യാത്രയാണ്. ഹജ്ജിനും ഉംറക്കും വരുന്നതിനെക്കുറിച്ചുള്ള ആവേശവും ചിന്തയും ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
ഇതിൽ മന്ത്രാലയം ഒറ്റക്കല്ല. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഒരേസമയം യോജിച്ചും ഏകോപിച്ചും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവൺമെൻറ്, സ്വകാര്യ മേഖലകളിലെ പ്രവർത്തന മികവിെൻറ അറിവും രീതിശാസ്ത്രവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനാണ് ‘പ്രവർത്തന മികവ്’ എന്ന പേരിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സംഘടിപ്പിച്ചത്.
120ലധികം പ്രാദേശിക, അന്തർദേശീയ പ്രഭാഷകരും വകുപ്പ് മേധാവികളും വിദഗ്ധരും പങ്കെടുത്ത സമ്മേളനത്തിൽ 10 പ്രധാന വിഷയങ്ങൾ ചർച്ചചെയ്തു. 20 ഡയലോഗ് സെഷനുകളും 25 ശിൽപശാലകളും നടന്നു. മികവിെൻറ വിപുലമായ തലങ്ങളിൽ എത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളും വിജയഗാഥകളും അവലോകനം ചെയ്യുന്നതുൾപ്പെടെ വിവിധ സെഷനുകൾ സമ്മേളനത്തിൽ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.