റിയാദ്: രാജ്യത്തിന്റെയും ജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ പേരിൽ സൗദി അറേബ്യയെ ആരുംതന്നെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ. സൗദിയുമായുള്ള യു.എസ്. ബന്ധത്തെ പുനർനിർണയത്തിന് വിധേയമാക്കേണ്ട ആവശ്യമുണ്ടെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. റിയാദിൽ വ്യാഴാഴ്ച സമാപിച്ച ആറാമത് ഭാവിനിക്ഷേപ ഉച്ചകോടിക്കിടെ അൽ-അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
യു.എസുമായുള്ള സൗദി അറേബ്യയുടെ ബന്ധം നയതന്ത്രപരവും ദശാബ്ദങ്ങളായി നിലനിൽക്കുന്നതാണെന്നും അൽ-ജദ്ആൻ ഓർമിപ്പിച്ചു. അതിപ്പോഴും തുടരുകയാണ്. അമേരിക്ക അടക്കമുള്ള എല്ലാ രാഷ്ട്ര നേതൃത്വങ്ങളുടെയും അഭിപ്രായത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ സൗദി അറേബ്യയുടെയും രാജ്യനിവാസികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഞങ്ങളുടെ നിലപാടും മാനിക്കപ്പെടേണ്ടതുണ്ട്. അതിന്റെ പേരിൽ സൗദിയെ കുറ്റപ്പെടുത്തേണ്ടതില്ല.
അമേരിക്കയുമായുള്ള ബന്ധം ഹ്രസ്വമോ ഒന്നോ രണ്ടോ ഇടപാടുകളുടേതോ അല്ല, മറിച്ച് പതിറ്റാണ്ടുകളുടെ ദൈർഘ്യമുള്ളതും നയതന്ത്ര സ്വഭാവത്തിലുള്ളതുമാണെന്ന കാര്യം സൗദി വിദേശകാര്യ മന്ത്രി, ഊർജ മന്ത്രി, യു.എസിലെ സൗദി സ്ഥാനപതി എന്നിവർ ഊന്നിപ്പറഞ്ഞ കാര്യം ധനമന്ത്രി അനുസ്‌മരിച്ചു. 'കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇരുരാഷ്ട നേതൃത്വങ്ങൾക്കും നന്നായി അറിയാം' -അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ബാങ്കിങ് മേഖല വളരെ ശക്തമാണെന്നും ഈ രംഗത്ത് പണലഭ്യതയ്ക്ക് വെല്ലുവിളികളില്ലെന്നും അൽ-ജദ്ആൻ പറഞ്ഞു. സൗദി ഫ്യൂച്ചർ ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭാവിനിക്ഷേപ സംഗമം രണ്ട് സുപ്രധാന ഗുണഫലങ്ങൾ നൽകുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. സൗദിയിൽ നടക്കുന്ന വലിയ മാറ്റങ്ങളുടെയും സംഭവവികാസങ്ങളുടെയും ഫലം എളുപ്പത്തിൽ ഉണ്ടായില്ലെങ്കിലും അതിന്റെ യാഥാർഥ്യം സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയുമെന്നതാണ് ഒന്നാമത്തേത്. ലോകരാജ്യങ്ങളിലെ നിക്ഷേപകരുമായും ഉദ്യോഗസ്ഥരുമായും നടക്കുന്ന ആശയവിനിമയങ്ങൾ വരുത്തുന്ന സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ വാഗ്ദാനങ്ങളാണ് സാക്ഷാത്കരിക്കപ്പടുക. ഇത് വ്യാജരഹിതമായ സംഖ്യകളാൽ തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ നിക്ഷേപ നിരക്ക് 19 ശതമാനം വർധിച്ചിട്ടുണ്ട്. വലിയ ആവേശത്തോടെയുള്ള പ്രാദേശിക സമൂഹത്തിന്റെ നിക്ഷേപ താല്പര്യം രണ്ടാമത്തെ ഗുണഫലമാണ്. ഉയർന്ന ഉപഭോഗനിരക്കും സർക്കാർ ചെലവുകളും സ്വകാര്യ മേഖലയുടെ ശാക്തീകരണത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ആസൂത്രണത്തോടെ കഠിനാധ്വാനം ചെയ്ത് ഫലങ്ങൾ കൊയ്തെടുക്കുന്ന ഒരു രാജ്യമാണ് സൗദിയെന്ന സന്ദേശം ലോകരാജ്യങ്ങൾക്ക് നൽകാൻ നിക്ഷേപ സംഗമത്തിന് സാധിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളാകെത്തന്നെ സജീവമായ പദ്ധതികളുടെ പിന്തുണയോടെ വലിയ സാമ്പത്തിക കുതിച്ചുചാട്ടത്തിലാണ്. മൂന്ന് നാല് വർഷംമുമ്പ് മുതൽ നടപ്പാക്കാൻ തുടങ്ങിയ പദ്ധതികളുടെ ഫലം ഇപ്പോൾ കൊയ്തെടുക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഭദ്രമാണെന്നും പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ജി-20 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി സൗദി മറിയിട്ടുണ്ടെന്നും അൽ-ജദ്ആൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.