ജിദ്ദ: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന മാനവ ഐക്യ സന്ദേശവുമായി പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ജനുവരി 25, 26, 27, 28 തീയതികളിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടക്കുമെന്ന് ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കെ.എൻ.എം മർകസുദ്ദഅ് വ സെക്രട്ടറി ജാബിർ അമാനിയും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും അറിയിച്ചു. കേരളത്തിന്റെ സാമൂഹിക നവോഥാനത്തിന് ചരിത്രപരമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം.
വിവിധ സമുദായ പരിഷ്കർത്താക്കൾ തുടക്കംകുറിച്ച കേരള മുസ്ലിം ഐക്യസംഘം എന്ന നവോഥാന സംരംഭത്തിന്റെ പിന്മുറക്കാരായ മുജാഹിദ് പ്രസ്ഥാനം വൈജ്ഞാനിക മുന്നേറ്റത്തിലൂടെ കേരളീയ മുസ്ലിംകളെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ കണ്ണിചേർക്കാൻ നേതൃപരമായ പങ്കു വഹിച്ചു.
കേരളത്തിൽ മതസൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാത വെട്ടിത്തെളിച്ചവരാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പൂർവകാല നേതാക്കൾ. മുസ്ലിം സ്ത്രീകൾക്ക് അക്ഷരാഭ്യാസവും ആരാധനാലയങ്ങളിൽ പ്രാർഥന സ്വാതന്ത്ര്യവും നൽകി പൊതു ഇടങ്ങളിൽ അർഹമായ സ്ഥാനം നേടിക്കൊടുക്കുന്നതിലും മുജാഹിദ് പ്രസ്ഥാനം മുഖ്യ പങ്കുവഹിച്ചു.
മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആതുര സേവനകേന്ദ്രങ്ങളും ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ, തൊഴിൽ പരിശീലന, പുനരധിവാസ പദ്ധതികളുമൊക്കെയായി സംസ്ഥാനത്തുടനീളം കർമസജ്ജമാണ് മുജാഹിദ് പ്രസ്ഥാനമെന്നും ഭാരവാഹികൾ അറിയിച്ചു.
മുജാഹിദ് വാർഷിക മഹാസമ്മേളനങ്ങൾ അഞ്ച് വർഷത്തിലൊരിക്കലാണ് നടക്കാറുള്ളത്. കരിപ്പൂരിലെ വിശാലമായ 30 ഏക്കർ വയലിൽ നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം മൂന്നുലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിന്റെ സൗദി ദേശീയതല പ്രചാരണോദ്ഘാടനം നാളെ ജിദ്ദയിൽ നടക്കും. ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ജാബിർ അമാനി പ്രമേയ വിശദീകരണം നടത്തും. ജിദ്ദയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുക്കും. ദേശീയ ഉദ്ഘാടനത്തിനുശേഷം സൗദിയുടെ മധ്യമേഖല തലത്തിലും കിഴക്കൻ മേഖലയിലും പ്രചാരണോദ്ഘാടനങ്ങൾ സംഘടിപ്പിക്കും. സൗദിയുടെ വിവിധ ഏരിയകളിൽ ‘മുന്നൊരുക്കം’ എന്ന പേരിൽ പ്രവർത്തക സംഗമവും മറ്റു പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.എൻ.എം മർകസുദ്ദഅ് വ സെക്രട്ടറി ജാബിർ അമാനി, സമ്മേളന സ്വാഗതസംഘം ചെയർമാൻ സലാഹ് കാരാടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഗഫൂർ വളപ്പൻ, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറി ജരീർ വേങ്ങര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.