ജിദ്ദ: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തിൽ 2024 ജനുവരിയിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സൗദി ദേശീയതല പ്രചാരണ പരിപാടികൾക്ക് ജിദ്ദയിൽ പ്രൗഢമായ തുടക്കം. ജിദ്ദ ശറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ദേശീയതല പ്രചാരണോദ്ഘാടനം ഡോ. ജമാലുദ്ദീൻ ഫാറൂഖി നിർവഹിച്ചു. വിശ്വമാനവികതയുടെ മഹിതസന്ദേശമാണ് വിശുദ്ധ വേദഗ്രന്ഥം ഉദ്ഘോഷിക്കുന്നതെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദിവ്യവെളിച്ചം പകർന്നുനൽകുന്നതാണ് വേദവാക്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനപ്രമേയം വിശദീകരിച്ച് കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യം എന്നത് വൈവിധ്യങ്ങളെ അംഗീകരിക്കലാണെന്നും മാനവിക മൂല്യങ്ങൾക്ക് വിലകൽപിക്കുമ്പോഴേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ എന്നും ഡോ. ജാബിർ അമാനി പറഞ്ഞു.
മനുഷ്യനെ പരിഗണിക്കാത്തിടത്ത് ഫാഷിസവും വർഗീയതയും കടന്നുവരുമെന്നും ഇന്ത്യയിൽ ഫാഷിസം അതിശക്തമായി രംഗത്തുവരുന്നത് മാനവികതയെ തകർത്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം സൗദി ദേശീയ സമിതി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. റഫീഖ് പത്തനാപുരം (നവോദയ), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), ഉമർ പാലോട് (പ്രവാസി വെൽഫെയർ), എൻ.എം. ജമാലുദ്ദീൻ (എം.ഇ.എസ്), അഡ്വ. അഷ്റഫ് ആക്കോട് (എം.എസ്.എസ്), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ബഷീർ മാമാങ്കര (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഹാരിസ് സ്വലാഹി (കെ.എൻ.എം കോട്ടയം ജില്ല സെക്രട്ടറി), ഷാജി അരിമ്പ്രത്തൊടി (ഐ.എം.സി.സി) എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഗഫൂർ വളപ്പൻ സ്വാഗതവും ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറി ജരീർ വേങ്ങര നന്ദിയും പറഞ്ഞു. സഈദ് മുഹമ്മദലി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.