മക്ക: ഹജ്ജ് കാലത്തിന് ശേഷമുള്ള കാലയളവിലും മക്കയിലെ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി അധികൃതർ പരിശോധന ശക്തമാക്കി. ആരോഗ്യ സുരക്ഷ നിയമങ്ങളും ഭക്ഷ്യനിർമാണ വിതരണ വ്യവസ്ഥകളും പാലിക്കുന്നത് ഉറപ്പുവരുത്താനും അനധികൃത തെരുവ് വാണിഭങ്ങൾക്ക് തടയിടാനും ലക്ഷ്യമാക്കിയാണ് ആരോഗ്യ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും സംയുക്തമായി പരിശോധന നടത്തുന്നത്.
മക്കയിലെ മാർകറ്റുകൾ റസ്റ്റാറൻറുകൾ, കഫ്തീരിയകൾ, ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം അധികൃതരുടെ നിരീക്ഷണത്തിലാണ്. അധികൃതർ ഹജ്ജ് സീസണിൽ 85 തവണ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും സന്ദർശനം നടത്തി. പരിശോധന സ്ക്വാഡുകൾക്കിടയിൽ 35 കടകൾ നിയമലംഘനം നടത്തിയത് കണ്ടെത്തിയിരുന്നു. അവർക്കെതിരെ പിഴയടക്കം ചുമത്തുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഹജ്ജ് സീസണിൽ നടത്തിയ പരിശോധനയിൽ 5,400 കിലോഗ്രാം അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടുകെട്ടി.
150 ലിറ്റർ ഭക്ഷ്യപദാർഥങ്ങളും 260 ഭക്ഷ്യനിർമാണത്തിന് ഉപയോഗിച്ച പഴക്കം ചെന്ന പാത്രങ്ങളും അധികൃതർ പിടിച്ചെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. വാണിജ്യ കേന്ദ്രങ്ങൾ, കാറ്ററിങ് കിച്ചണുകൾ, ബേക്കറികൾ, പച്ചക്കറി മാർക്കറ്റുകൾ, ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, മൊബൈൽ സ്റ്റോറുകൾ എന്നിവകളിലെ പരിശോധനയും ശക്തമാക്കിയതായി മുനിസിപ്പാലിറ്റി അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഹുദൈബിയ ഏരിയയിൽ 61 ഫീൽഡ് സ്ക്വാഡുകൾ നടത്തിയതായും 40 വാണിജ്യ സ്ഥാപനങ്ങളിലും 21 ആരോഗ്യ സ്ഥാപനങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
ബഹ്റ ഏരിയയിൽ 38 ഫീൽഡ് സ്ക്വാഡുകൾ നടത്തിയതായും നിയമലംഘനം നടത്തിയ മൂന്ന് കടകൾക്കെതിരെ നടപടിയെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്ന് മക്കയിലെത്തുന്ന തീർഥാടകർക്ക് ആരോഗ്യസുരക്ഷയും സുഗമമായി അനുഷ്ഠാനങ്ങൾ നിർവഹിക്കാനുള്ള സാഹചര്യവും ഒരുക്കുക എന്നതാണ് പരിശോധന ശക്തമാക്കിയതിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നത്. വാണിജ്യ, ഭക്ഷ്യ വിപണികൾ സദാ നിരീക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവന് അപകടകരമായേക്കാവുന്ന എല്ലാം നീക്കങ്ങളും ചെറുക്കുന്നതിനും ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ 940 എന്ന മുനിസിപ്പാലിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാനും മക്ക മുനിസിപ്പാലിറ്റി അധികൃതർ പൊതുസമൂഹത്തോടും താമസക്കാരോടും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.