റിയാദിൽ നടന്ന ജി.സി.സി കൗൺസിൽ 42-ാമത്​ ഉച്ചകോടിയിൽ സംബന്ധിച്ച ഭരണകർത്താക്കൾ

വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം -ജി.സി.സി ഉച്ചകോടി

റിയാദ്​: എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒറ്റക്കെട്ടായ പ്രവർത്തനത്തിനു വലിയ പ്രധാന്യമുണ്ടെന്ന്​ ജി.സി.സി ഉച്ചകോടി. റിയാദിലെ ദർഇയ കൊട്ടാരത്തിൽ നടന്ന​ ജി.സി.സി കൗൺസിൽ 42-ാമത്​ ഉച്ചകോടിയുടെ അന്തിമ പ്രസ്​താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്​.

ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ അൽഹജ്റഫാണ്​ പ്രസ്​താവന വായിച്ചത്​. ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള പരസ്പര ബന്ധിത സംവിധാനമാണ്​. അതിനെ​ ഭിന്നിപ്പിക്കാൻ കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും. ജി.സി.സി രാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനത്തിന്‍റെയും സൈബർ സുരക്ഷയുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പങ്ക് ശക്തിപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകതയും ഉച്ചകോടി ഊന്നിപ്പറഞ്ഞു.

സൽമാൻ രാജാവ്​ മുന്നോട്ട്​ വെച്ച കാഴ്​ചപ്പാടുകൾ​ കൃത്യവും സമ്പൂർണവും തുടർച്ചയായി നടപ്പാക്കേണ്ടതുമുണ്ട്​. ജി.സി.സി രാജ്യങ്ങൾക്കിടയിൽ തന്ത്രപരമായ സഹകരണവും സാമ്പത്തിക വികസന സംയോജനവും വികസിപ്പിക്കുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുമുള്ള തത്വങ്ങളും നയങ്ങളും ഉണ്ടാകേണ്ടതുണ്ട്​. രാജ്യങ്ങളുടെ ഐക്യദാർഢ്യവും സ്ഥിരതയും വർധിപ്പിക്കുന്ന തരത്തിൽ നിലപാടുകൾ ഏകോപിപ്പിക്കണം. രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുകയും പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ ഒഴിവാക്കുകയും വേണം. ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്ന ഏകീകൃതവും ഫലപ്രദവുമായ വിദേശനയം രൂപപ്പെടുത്തണം. അംഗരാജ്യങ്ങളുടെ വിദേശനയങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യവും ഉച്ചകോടിയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

അംഗരാജ്യങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങളോ, അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതോ ഒഴിവാക്കണം. പൊതുവായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിന് സാമ്പത്തിക, പ്രതിരോധ, സുരക്ഷ നയങ്ങൾ തമ്മിലുള്ള തന്ത്രപരമായ പിന്തുണയും പരസ്പരാശ്രിതത്വവും നേടിയെടുക്കണം. കാലാവസ്ഥ വ്യതിയാനവും അതിന്‍റെ പ്രത്യാഘാതങ്ങളും നേരിടാനും സുസ്ഥിരത കൈവരിക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രാധാന്യവും ഉച്ചകോടിയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

സൗദി അറേബ്യ ആരംഭിച്ച സർക്കിൾ കാർബൺ സമ്പദ്‌വ്യവസ്ഥ നടപ്പാക്കുന്നതിനായി സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തും. സംയുക്ത നിക്ഷേപം ഇരട്ടിയാക്കുന്നതിനും മികച്ച അവസരങ്ങൾ കൈവരിക്കുന്നതിനും ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക കാഴ്ചപ്പാടുകളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്​ പ്രാധാന്യമുണ്ട്​. രാജ്യങ്ങൾക്കിടയിൽ റോഡ്, റെയിൽ, ആശയവിനിമയ ശൃംഖലകൾ വികസിപ്പിക്കണം. കോവിഡിനെ നേരിടാൻ സംയുക്ത സഹകരണം വർധിപ്പിക്കേണ്ടതിന്‍റെയും പകർച്ചവ്യാധികളും രോഗങ്ങളും ചെറുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തന പ്രക്രിയയെ പിന്തുണക്കേണ്ടതിന്‍റെയും പ്രാധാന്യവും ഉച്ചകോടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - must work together to meet the challenges -GCC summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.