റിയാദ്: പരിശീലനം ലഭിക്കാത്ത വീട്ടമ്മയാണ് ഈ ചിത്രങ്ങളൊക്കെ വരച്ചതെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രമേൽ മനോഹരമാണ് ഓരോ ചിത്രങ്ങളും. 10 വർഷമായി റിയാദിൽ പ്രവാസിയായ നസ്റിൻ സഫീർ എന്ന വീട്ടമ്മയുടെ ചിത്രങ്ങൾ ഓരോന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കാറുണ്ട്. കണ്ണൂർ പേരാവൂർ സ്വദേശിയാണ് ചിത്രകാരി. കുട്ടിക്കാലം മുതൽ വരകളോട് ഇഷ്ടമാണെങ്കിലും പ്രവാസിയായ ശേഷമാണ് ആവിഷ്കാരത്തിലേക്ക് ശ്രദ്ധ തിരിച്ചത്. നാലു വർഷത്തിനിടയിൽ 300ഓളം ചിത്രങ്ങൾ പിറവികൊണ്ടു.
പ്രവാസത്തിലെ ഒഴിവുസമയങ്ങളെ തെൻറ കഴിവിെൻറ മേഖലയിലേക്ക് മാറ്റിവെക്കുകയായിരുന്നു നസ്റിൻ. റിയാദ് അസീസിയയിലെ നെസ്റ്റോ ട്രെയിൻ മാളിലും ഹാര പാക് ഹോട്ടൽ ഹാളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ മികവ് കാരണം പല ചിത്രങ്ങളും ആവശ്യക്കാർ കരസ്ഥമാക്കി. ദിവസങ്ങൾ എടുത്താണ് ഓരോ ചിത്രങ്ങളും പൂർത്തീകരിക്കുന്നതെന്ന് നസ്റിൻ പറഞ്ഞു. 150 മുതൽ 200 റിയാൽ വരെ ഓരോ ചിത്രത്തിന് പിന്നിലും ചെലവുണ്ടെന്നും എന്നാൽ, പ്രതീക്ഷിക്കുന്ന വില ലഭിക്കുന്നില്ലെന്നും ചെറു ചിരിയിൽ നസ്റിൻ പറയുന്നു.
കുട്ടിക്കാലം മുതൽ നല്ലൊരു ചിത്രകാരിയാകണം എന്നാണ് ആഗ്രഹമെന്നും ഇപ്പോൾ അതിനുള്ള ശ്രമങ്ങളിലാണെന്നും പറയുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ നിന്ന് ബി.എസ്സി ബോട്ടണി ബിരുദം പൂർത്തിയാക്കിയ ശേഷമാണ് പ്രവാസം ആരംഭിച്ചത്. കാൻവാസിൽ അക്രിലിക് കളർ ഉപയോഗിച്ചാണ് വര എങ്കിലും കാലിഗ്രഫിയും വഴങ്ങും ഈ കരങ്ങളിൽ. ഭർത്താവ് റിയാദിലെ അൽറയാൻ ആശുപത്രിയിൽ ഡോക്ടറായ സഫീറാണ്. ജീവിത പങ്കാളി നസ്റിെൻറ വരകൾക്ക് എന്നും പൂർണ പിന്തുണയാണ് നൽകുന്നത്. റിയാദിലെ ഓറ ആർട്ടിക്രാഫ്റ്റ് എന്ന വനിത സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് നസ്റിൻ സഫീർ. കലാകാരികളായ സഹോദരങ്ങളുടെയും മാതാപിതാക്കളായ കാട്ടുമാടം മുസ്തഫ, നസീമ എന്നിവരുടെയും പൂർണ പിന്തുണ നസ്റിനുണ്ട്. അൽആലിയ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എമിൻ, ഇന്ത്യൻ എംബസി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി എംന മെഹഖ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.