യാംബു: കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂര വിദ്യാഭ്യാസം രാജ്യത്ത് കാര്യക്ഷമമാക്കിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സൈബർ സുരക്ഷയൊരുക്കാൻ കാമ്പയിൻ സംഘടിപ്പിക്കുന്നു. ദേശീയ സൈബർ സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ബോധവത്കരണ പദ്ധതികളുമായി വിവിധ പരിപാടികൾ കാമ്പയിെൻറ ഭാഗമായി നടത്തുന്നത്.
60 ലക്ഷത്തിലധികം വിദ്യാർഥികൾ സൗദിയിലെ സർക്കാർ വിദ്യാലയങ്ങളിൽനിന്നുമാത്രം പുതിയ അധ്യയന വർഷം ഓൺലൈൻ ക്ലാസുമായി ഇപ്പോൾ രംഗത്തുണ്ട്. ഇൻറർനെറ്റ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധംകൂടി ഉണ്ടാവേണ്ടത് അനിവാര്യമാണെന്നതിെൻറ അടിസ്ഥാനത്തിലാണ് ബോധവത്കരണ കാമ്പയിൻ.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 'സുരക്ഷിതരായി ഞങ്ങൾ പഠിക്കുന്നു' എന്ന പേരിലാണ് കാമ്പയിൻ നടത്തുന്നത്. ഓൺലൈൻ വഴി വിദൂര വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളിൽ സൈബർ ഭീഷണികളെക്കുറിച്ചും അവ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും അവബോധം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യം. ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ വിദ്യാർഥികൾക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ കുറക്കുവാനും തെറ്റായ വഴിയിലേക്ക് ചിന്ത മാറാതിരിക്കാനും വേണ്ടിയുള്ള ബോധവത്കരണം ആസൂത്രണം ചെയ്യാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ മുന്നോടിയായി 40 ദശലക്ഷം വിദ്യാർഥികൾക്ക് വിദൂര 'വിദ്യാഭ്യാസ പഠന ഗൈഡ്' പ്രസിദ്ധീകരിക്കുന്നതിന് രാജ്യത്തെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷനുമായി സഹകരിച്ച് പ്രവർത്തിക്കും. വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റു പ്രചാരണ പരിപാടികളും കാമ്പയിനോടനുബന്ധിച്ച് ആസൂത്രണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.