സൗദിയിൽ ആഗോള വിതരണശൃംഖലകൾ സ്ഥാപിക്കാനുള്ള ദേശീയ സംരംഭം പ്രഖ്യാപിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ ആഗോള വിതരണശൃംഖലകൾ സ്ഥാപിക്കുന്നതിനുള്ള ദേശീയ സംരംഭം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പ്രഖ്യാപനം നടത്തിയത്. വിതരണ ശൃംഖലയിലെ ഒരു പ്രധാന കേന്ദ്രമായും സുപ്രധാന കണ്ണിയെന്ന നിലയിലും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്. ഈ സംരംഭം സംയുക്ത വിജയങ്ങൾ കൈവരിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.

ആരംഭിച്ച മറ്റ് വികസന സംരംഭങ്ങൾ വിജയംവരിക്കാൻ സഹായിക്കും. എല്ലാ മേഖലകളിലെയും നിക്ഷേപകരെ ശാക്തീകരിക്കും. വിജയകരമായ നിക്ഷേപങ്ങൾ കെട്ടിപ്പടുക്കുന്നതിനും രാജ്യത്തിന്റെ വിഭവങ്ങളിൽനിന്നും വിവിധതരം ശേഷികളിൽനിന്നും പ്രയോജനം നേടുന്നതിനും സാധിക്കും. ഇത് ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ വഴക്കം നൽകും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കാര്യക്ഷമവും സുസ്ഥിരവും ഉയർന്ന മത്സര നേട്ടങ്ങളോടുകൂടിയതുമായ വിതരണ ശൃംഖല ഇത് ഉറപ്പാക്കും. മറുവശത്ത് രാജ്യത്തെ സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2030'ന്റെ അഭിലാഷങ്ങൾ കൈവരിക്കാനും ഇത് തുണക്കും.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സ്രോതസ്സുകൾ വികസിപ്പിക്കുന്നതും വൈവിധ്യവത്കരിക്കുന്നതും 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ 15 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി സൗദിയുടെ സാമ്പത്തിക നിലയെ മെച്ചപ്പെടുത്താൻ സഹായിക്കും. 2021 ഒക്ടോബറിൽ ആരംഭിച്ച ദേശീയ നിക്ഷേപ നയത്തിന്റെ സംരംഭങ്ങളിലൊന്നാണിത്. ഇതിലൂടെ വിതരണ ശൃംഖലയിലെ എല്ലാ നിക്ഷേപകർക്കും അനുയോജ്യമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപ അവസരങ്ങൾ കണ്ടെത്തി വികസിപ്പിക്കുകയും നിക്ഷേപകർക്ക് അവ അവതരിപ്പിക്കുകയും ചെയ്യുക, പ്രത്യേക സാമ്പത്തിക മേഖലകളുടെ സ്ഥാപനം തുടങ്ങിയ പല ഘട്ടങ്ങളിലൂടെയാണിത് നടപ്പാക്കുക.

അതിലൂടെ രാജ്യത്തേക്ക് അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനം ആകർഷിക്കാൻ സാധിക്കും. ഇതിനാവശ്യമായ രീതിയിൽ നടപടിക്രമങ്ങൾ പരിഷ്കരിക്കാനാണ് രാജ്യം പരിശ്രമിക്കുന്നത്. നിക്ഷേപ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ആകർഷണീയതയും മത്സരക്ഷമതയും വർധിപ്പിക്കുന്നതിനും അത് സഹായിക്കും.

ആഗോള വിതരണ ശൃംഖലകളെ രാജ്യത്തിലേക്ക് ആകർഷിക്കുന്നതിനായി ഒരു ഏകീകൃത തന്ത്രം വികസിപ്പിക്കും. സംരംഭം ആരംഭിച്ച് ആദ്യ രണ്ട് വർഷത്തിനുള്ളിൽ 40 ശതകോടി റിയാലിന്റെ നിക്ഷേപങ്ങളും വ്യവസായിക സേവനങ്ങളും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. നിക്ഷേപകർക്ക് വിപുലമായ സാമ്പത്തിക, സാമ്പത്തികേതര പ്രോത്സാഹനങ്ങൾ നൽകുന്നതിന് ഏകദേശം 10 ശതകോടി റിയാലിന്റെ പ്രോത്സാഹന ബജറ്റ് ഈ സംരംഭത്തിന് രാജ്യം അനുവദിച്ചതായും കിരീടാവകാശി പറഞ്ഞു.

Tags:    
News Summary - national initiative to establish global supply chains has been announced in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT