നീറ്റ് പരീക്ഷയെഴുതിയ ആഹ്ളാദത്തിൽ സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾ

റിയാദ്‌: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം സൗദിയിലെ ഏക പരീക്ഷാകേന്ദ്രമായ റിയാദിൽ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള നീറ്റ്‌ പരീക്ഷ സുഗമമായി നടന്നു. കുട്ടികളും രക്ഷകർത്താക്കളും തങ്ങളുടെ ചിരകാല ആവശ്യം നിവർത്തിച്ച ആഹ്ളാദത്തിലാണിപ്പോൾ. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത്. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളാണ് പരീക്ഷാ കേന്ദ്രം. പരീക്ഷ ഭംഗിയായി പൂർത്തിയായെന്നും മൂല്യനിർണയം ഇന്ത്യയിൽ വെച്ച് നടക്കുമെന്നും പരീക്ഷ നിരീക്ഷകനായ മുഹമ്മദ് ശബീർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

രാജ്യത്തെ നൂറുകണക്കിന് മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കും കാർഷിക സർവകലാശാലയും വെറ്റിറിനറി യൂനിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിന് ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാണ്. സൗദിയിലെ ഈ പരീക്ഷ കേന്ദ്രം സാമൂഹിക പ്രവർത്തരുടെയും രക്ഷിതാക്കളുടെയും നിരന്തര ആവശ്യപ്രകാരം മൂന്ന് മാസം മുമ്പാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.

സൗദിയിൽ രജിസ്റ്റർ ചെയ്ത 304 വിദ്യാർഥികളിൽ 287 പേർ പരീക്ഷ എഴുതിയതായി ആതിഥേയത്വം വഹിച്ച റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ മീര റഹ്മാൻ പറഞ്ഞു. ഏറ്റവും കൂടുതൽ പെൺകുട്ടികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്, 227 പേർ. ആൺകുട്ടികളാകട്ടെ 77 പേരും. റിയാദിലെ ഇന്ത്യൻ സ്‌കൂളുകളിലെ 28 അധ്യാപകരായിരുന്നു പരീക്ഷയുടെ മേൽനോട്ടം.

റിയാദിൽ നിന്നടക്കം സൗദിയുടെ വിവധ ഭാഗങ്ങളിൽ നിന്നാണ് കുട്ടികൾ എത്തിച്ചേർന്നത്. ഒന്നും രണ്ടും ദിവസം മുമ്പ്‌ റിയാദിലെത്തുകയായിരുന്നു അധികപേരും. വളരെ പ്രയാസപ്പെട്ടും ദീർഘദൂരം യാത്ര ചെയ്തുമാണ് വിശാലമായ സൗദിയിലെ ഓരോ പ്രവിശ്യയിൽ നിന്നും വിദ്യാർഥികൾ റിയാദിലെത്തുന്നത്. ജിദ്ദയിലും ദമ്മാമിലും ഓരോ സെന്റർ കൂടി തുറന്ന് പരീക്ഷാസൗകര്യം വിപുലമാക്കണമെന്ന് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നു.

പെൺകുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തവരിൽ മുക്കാൽ പങ്കും. ബയോളജി, മാത് സ് എടുത്ത് പഠിക്കാനും മെഡിസിൻ രംഗത്ത് ശോഭിക്കാനും തങ്ങൾക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ വർധനവിന് കാരണമെന്ന് വിദ്യാഭ്യാസ സാമൂഹിക വിദഗ്ധൻ ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. ആൺകുട്ടികളുടെ പരിശ്രമവും സമർപ്പണ ബോധവും വളരെ കുറഞ്ഞു പോയതും ഒരു കാരണമാണ്. ആകർഷകമായ മറ്റ് തൊഴിൽ മേഖലകളും വേഗത്തിൽ വരുമാനം ലഭിക്കുന്നതുമായ ജോലികളുമാണ് അവർ ആഗ്രഹിക്കുന്നത്

Tags:    
News Summary - NEET exam; Indian students in Saudi Arabia are happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.