റിയാദ്: റിയാദ് ഇന്റർനാഷനൽ സ്കൂളിൽ ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ, ആയുഷ് പ്രവേശന പരീക്ഷക്ക് ഒരുക്കം പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു. സൗദിയിൽനിന്ന് 500ഓളം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമ്മാം, ജുബൈൽ, അബഹ, ഖഫ്ജി, മജ്മ, ബുറൈദ, തബൂക്ക്, ത്വാഇഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ പരീക്ഷക്കായി റിയാദിലെത്തും. പരീക്ഷാ ഹാളുകളിൽ സി.സി.ടി.വി കാമറ അടക്കമുള്ളവ തയാറായതായി നീറ്റ് സിറ്റി കോഓഡിനേറ്റർ സെന്റർ സൂപ്രണ്ടും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മീര റഹ്മാൻ അറിയിച്ചു. സൗദിയിലെ നീറ്റ് പരീക്ഷയുടെ ഒബ്സർവർ ഇന്ത്യൻ സ്കൂളുകളുടെ ഒബ്സർവറായ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷബീറാണ്. പൂർണമായും എംബസിയുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വർഷവും റിയാദ് ഇന്ത്യൻ സ്കൂൾ നീറ്റ് പരീക്ഷാ കേന്ദ്രമായിരുന്നു. 18 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ലോകത്തിലെ ഏറ്റവും വലിയ ഓഫ്ലൈൻ പരീക്ഷകളിലൊന്നാണ്.
ഞായറാഴ്ച രാവിലെ 11.30 മുതൽ ഉച്ച 2.50 വരെയാണ് പരീക്ഷ. തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിദ്യാർഥികൾ കേന്ദ്രത്തിലെത്തണം. രാവിലെ 8.30ന് തുറക്കും. രാവിലെ 11നുശേഷം കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവില്ല. പരീക്ഷ സമയമായ മൂന്ന് മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ വിദ്യാർഥികൾക്ക് ഹാൾ വിട്ടുപോകാൻ കഴിയൂ. പരീക്ഷ കേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവാദമുള്ളൂ. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ഓരോ വിഷയത്തിലും രണ്ട് ഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്ക് 720 ആണ്.
വിദ്യാർഥികൾ പരീക്ഷയുടെ വ്യവസ്ഥകൾ മനസ്സിലാക്കി തയാറെടുപ്പുകൾ നടത്തണം. അതിന് ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കി പാലിക്കാൻ ശ്രദ്ധിക്കണം. ഇൻഫർമേഷൻ ബുള്ളറ്റിൽ നൽകിയിരിക്കുന്ന ഡ്രസ് കോഡ് പാലിക്കണം. കൈവശംവെക്കാൻ പാടുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ സംബന്ധിച്ചും മറ്റുമുള്ള വ്യവസ്ഥകൾ പാലിക്കണം. ഇൻഫർമേഷൻ ബുള്ളറ്റിനിൽ പറഞ്ഞ പ്രകാരമുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.