ദമ്മാം: നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷക്ക് സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി സമ്മാൻ പുരസ്കാരജേതാവും വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞദിവസം സൗദിയിലെ ഇന്ത്യൻ അംബാസഡറോട് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷമായി സൗദിയിൽ മാത്രം ശാസ്ത്ര വിഭാഗത്തിൽ പ്ലസ് ടു പരീക്ഷ എഴുതിയത് 1200ഓളം കുട്ടികളാണ്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധിയിൽപെട്ട് 2020ൽ പരീക്ഷ കഴിഞ്ഞ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നഷ്ടമായി. ഇത്തവണയും സാഹചര്യം അനുകൂലമല്ല. ഗൾഫിൽ കുവൈത്തിലും യു.എ.ഇയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടെങ്കിലും സൗദിയിൽനിന്ന് അങ്ങോട്ടുള്ള യാത്രകളും തിരിച്ചുവരവും സാധ്യമല്ല. മാത്രമല്ല, ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ച കുട്ടികൾ കുൈവത്തിൽ എത്തിയാൽ ക്വാറൻറീനും നിർബന്ധമാകും.
ഈ കോവിഡ് കാലഘട്ടത്തിൽ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തികബാധ്യതയോടൊപ്പം മാനസികസമ്മർദവും കൂട്ടുന്ന സാഹചര്യങ്ങളാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദുമായുള്ള സംസാരത്തിൽ ആത്മാർഥമായി അദ്ദേഹം ഇതിനായി ഇടപെടലുകൾ നടത്തുന്നുണ്ട് എന്നാണ് ബോധ്യമായത്. രജിസ്ട്രേഷൻ അവസാനിക്കാൻ കേവലം 10 ദിവസം മാത്രമുള്ളതിനാൽ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് അംബാസഡറോട് സൗദിയിലെ പ്രവാസി സമൂഹത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം നമ്മുടെ പ്രതീക്ഷക്കനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിച്ചാൽ മറ്റ് കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ കുട്ടികൾക്ക് കേന്ദ്രം മാറാനുള്ള സൗകര്യവും ഉന്നയിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസിയിലോ ജിദ്ദയിലെ ഇന്ത്യ കോൺസുലേറ്റിലോ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുവാദത്തോടെ ഇന്ത്യൻ സ്കൂളുകളിലോ സെൻറർ സജ്ജീകരിക്കുന്നത് സൗദിയിലുള്ള പ്രവാസി കുടുംബങ്ങൾക്ക് ഏറെ ആശ്വാസവും സൗകര്യപ്രദവും ആവും. കുട്ടികൾക്ക് നേരിെട്ടത്താൻ കഴിയുംവിധം സൗദിയിലെ സ്കൂളുകൾ തുറക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത് ഏറെ അനുകൂല നിലപാടായാണ് അനുഭവപ്പെടുന്നത്.
സൗദിയിലെ വിവിധ സംഘടനകളും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. പ്രവാസിസമൂഹത്തിെൻറ കൂട്ടായസമ്മർദം അനുകൂല നിലപാട് ലഭ്യമാകാൻ പര്യാപ്തമാെണന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.