ജിദ്ദ: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ പുറത്തുവിട്ടു. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിന്റെ ഏറ്റവും വലിയ നാഴികക്കല്ലായി മാറാൻ അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും പുതിയ വിമാനത്താവളം. നിലവിലുള്ള വിമാനത്താവളത്തിന്റെ പലമടങ്ങ് വലുപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്. പഴയതിന്റെ വലുപ്പം ഏകദേശം 10,500 ചതുരശ്ര മീറ്ററാണ്. പുതിയ വിമാനത്താവളത്തിലെ ടെർമിനലിന്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്ഫോമുകളും സെൽഫ് സർവിസ് സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ് ഏരിയകളുമുണ്ടാവും. ആദ്യഘട്ടം 2028-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നൂതന സാങ്കേതിക വിദ്യകളുടെ വെളിച്ചത്തിൽ സുസ്ഥിര പാരിസ്ഥിതിക രൂപകൽപന തന്ത്രങ്ങൾ പ്രയോഗിച്ച് പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു ആന്തരിക അന്തരീക്ഷം സൃഷ്ടിക്കുന്ന, കാലത്തിനനുസൃതമായ വാസ്തുവിദ്യയിലാണ് പുതിയ വിമാനത്താവളത്തിന്റെ പുതിയ രൂപകൽപന. വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും മികച്ച സേവനം നൽകുന്ന കാര്യക്ഷമതയുള്ള സംവിധാനമാണ് ഇവിടെയുണ്ടായിരിക്കുക. വ്യതിരിക്തമായ യാത്രാനുഭവം പകർന്നുനൽകുന്നതായിരിക്കും പുതിയ വിമാനത്താവളം.
പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയും. നിലവിലെ വിമാനത്താവളത്തിന് 15 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. നിലവിലെ ശേഷിയെ അപേക്ഷിച്ച് ഇത് പത്തിരട്ടിയാണ്. നിലവിൽ 30,000 വിമാനസർവിസുകളാണ് ഒരു വർഷം ഓപറേറ്റ് ചെയ്യാനുള്ള ശേഷി. എന്നാൽ പുതിയ വിമാനത്താവളത്തിന് 90,000-ലധികം വിമാന സർവിസ് ഓപറേഷൻ നടത്താൻ സൗകര്യമുണ്ടായിരിക്കും. പുതിയ വിമാനത്താവളത്തിലെ ഗേറ്റുകളുടെ എണ്ണം 20 ആയിരിക്കും. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ 41 പ്ലാറ്റ്ഫോമുകൾ ഉണ്ടാകും.
ഏഴ് പുതിയ സെൽഫ് സർവിസ് പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കും. ‘വിഷൻ 2030’ന് അനുസൃതമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആകർഷകമായ ആഗോള ലക്ഷ്യസ്ഥാനമായി അസീർ മേഖലയെ മാറ്റുന്നതിനുമാണ് പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ 250 വിമാനത്താവളങ്ങളിൽനിന്നോ തിരിച്ചോ വിമാന സർവിസ് ഓപറേറ്റ് ചെയ്യാനും ഇതിലൂടെ 33 കോടി യാത്രക്കാരെ സൗദിയിലെത്തിക്കാനും ലക്ഷ്യം വെക്കുന്ന ദേശീയ വ്യോമയാന പദ്ധതി, ‘കിമമ് വ ശൈമ്’ എന്ന അസീർ ടൂറിസം പദ്ധതി, ദേശീയ ടൂറിസം പദ്ധതി തുടങ്ങിയവയുടെ തുടർച്ചയാണ് അബഹയിലെ പുതിയ വിമാനത്താവളം.
ജിദ്ദ: പുതിയ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അസീർ പ്രവിശ്യാ ഗവർണറും മേഖല വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് നന്ദി പറഞ്ഞു. ദേശീയ വ്യോമയാനപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ അബഹ അന്താരാഷ്ട്ര വിമാനത്താവളമെന്ന് ഗവർണർ വ്യക്തമാക്കി. അസീർ പ്രവിശ്യയെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഇത് സഹായിക്കും. പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ എത്തിക്കാൻ ശേഷിയുള്ള വിമാനത്താവളമാണ് പ്രവിശ്യക്ക് സ്വന്തമാകാനൊരുങ്ങുന്നത്. ഇത് നിലവിലെ ശേഷിയുടെ പത്തിരട്ടിയാണ്. വരുന്നതും പോകുന്നതുമായി പ്രതിവർഷം 90,000-ലധികം വിമാന സർവിസുകളെയാണ് ഇതോടെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നത്.
അസീറിന്റെ ആഗോള വ്യോമയാന ബന്ധം വർധിക്കും -ഗതാഗത മന്ത്രി
ജിദ്ദ: അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖലയായ അസീർ പ്രവിശ്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര വ്യോമയാന ബന്ധം വർധിപ്പിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. മാത്രമല്ല അസീർ മേഖലയുടെ വികസനത്തിൽ സൗദി ഭരണകൂടത്തിനുള്ള വലിയ താൽപര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ദേശീയ വ്യോമയാന തന്ത്രം അനുസരിച്ച് കിരീടാവകാശി ആരംഭിച്ച തന്ത്രപ്രധാന പദ്ധതികളുടെ പ്രധാന പാക്കേജിൽ ഉൾപ്പെടുന്നതാണിത്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമായും ആഗോള ലോജിസ്റ്റിക് കേന്ദ്രമായും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും അബഹയിലെ പുതിയ വിമാനത്താവളം വലിയ സംഭാവന ചെയ്യുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.