ജിദ്ദ: കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ജിദ്ദ തുറമുഖത്ത് ലോജിസ്റ്റിക് സോൺ സ്ഥാപിക്കുന്നതിന് കരാർ ഒപ്പുവെച്ചു. സൗദി ജനറൽ പോർട്ട് അതോറിറ്റിയും (മവാനി) മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) ലോജിസ്റ്റിക് വിഭാഗമായ മെഡ്ലോഗും തമ്മിലാണ് കരാർ. 17.5 കോടി റിയാൽ മുതൽമുടക്കിയാണ് കരാർ. ഇതോടെ ഒരു ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ജിദ്ദ തുറമുഖത്ത് കണ്ടെയ്നറുകൾ സംഭരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയും വാണിജ്യ ചലനവും വർധിപ്പിക്കുന്നതിനും വിതരണ ശൃംഖല ഉറപ്പാക്കുന്നതിനും പ്രത്യേക ലോജിസ്റ്റിക് സോൺ സ്ഥാപിതമാകുന്നതിലൂടെ കഴിയും.
ജിദ്ദ തുറമുഖത്തെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമായും മൂന്ന് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമായും മാറ്റുന്നതിനുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ കരാർ. സംയോജിത സേവന വെബ്സൈറ്റ്, കണ്ടെയ്നറുകളുടെ പരിപാലനത്തിനും പരിശോധനക്കും പ്രത്യേക ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് ലോജിസ്റ്റിക് സോൺ. ഇത് നേരിട്ടും അല്ലാതെയും 400 തൊഴിലവസരങ്ങൾ നൽകും. ബദൽ ഊർജത്തിന്റെ ഉപയോഗത്തിലൂടെ തുറമുഖ പരിസ്ഥിതിയുടെ സുരക്ഷ നിലനിർത്തുന്നതിനും സഹായിക്കും. കാർബൺ പുറന്തള്ളൽ കുറക്കും. ചെങ്കടൽ തീരത്ത് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിന്റെ നിലവാരം ഉയർത്താനും പുതിയ ലോജിസ്റ്റിക് മേഖല സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.