റിയാദ്: റിയാദ് സീസണിന്റെ പ്രധാന വേദികളിലൊന്നായ ബോളിവാഡ് വേൾഡിൽ പുതുതായി ആരംഭിച്ച സൗദി അറേബ്യയുടെ പവലിയൻ ശ്രദ്ധയാകർഷിക്കുന്നു. ദേശാതിർത്തികൾ കടന്നെത്തുന്ന സന്ദർശകർക്ക് മുന്നിൽ രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
പരമ്പരാഗത അറേബ്യൻ ചന്തകളുടെ പുനരാവിഷ്കാരം, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടരങ്ങുകൾ, പരമ്പരാഗത നൃത്താവതരണങ്ങൾ, കൃഷിയിടങ്ങളുടെ പുനർനിർമിതി തുടങ്ങിയവയാണ് പ്രധാന ആകർഷണം.
അറബ് ആതിഥേയത്വത്തിന്റെ ഊഷ്മളത പവലിയനിലെത്തുന്ന ഏതൊരാൾക്കും അനുഭവവേദ്യം. ‘സൗദി ഖഹ്വ’ ചെറിയ കപ്പുകളിൽ പകർന്നു നൽകിയാണ് അസാധാരണമായ ഒരു വിനോദ അന്തരീക്ഷത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുകയും ആതിഥ്യമരുളുകയും ചെയ്യുന്നത്.
ജനപ്രിയ ഭക്ഷണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല പ്രദർശനങ്ങൾ, ഫാഷൻ ഷോകൾ, ശിൽപശാലകൾ, നാടോടിക്കഥകളുടെ അവതരണം തുടങ്ങി രാജ്യത്തിന്റെ സാംസ്കാരിക തനിമയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സൗദി യുവാക്കളും യുവതികളും ഓരോ പ്രദേശത്തിെൻറയും വിവരണം നൽകികൊണ്ട് രാജ്യത്തെ പ്രദേശങ്ങൾക്ക് അവയുടെ പൈതൃകം, കരകൗശല വസ്തുക്കൾ, സംസ്കാരങ്ങൾ, ചരിത്രം എന്നിവയെ പരിചയപ്പെടുത്തുന്നുണ്ട്. ഖഹ്വ, സുഗന്ധദ്രവ്യങ്ങൾ, ധൂപക്കുറ്റികളും അതിലുപയോഗിക്കുന്ന വസ്തുക്കളും, കരകൗശല നിർമിതികൾ, വസ്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഇവിടെയുണ്ട്.
രാജ്യത്തിെൻറ വ്യത്യസ്ത പ്രവിശ്യകളിലെ സൗന്ദര്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ കെട്ടിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാദിവസവും വൈകീട്ട് നാല് മുതൽ ബോളിവാഡിലേക്ക് പ്രവേശനം അനുവദിക്കും. പുലർച്ച ഒന്ന് വരെ ബോളിവാഡ് സജീവമാണ്.
സൗദി അറേബ്യക്ക് പുറമെ തുർക്കി, ഇറാൻ, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെയും കോർഷെവൽ എന്ന ഫ്രാൻസിലെ സുഖവാസ കേന്ദ്രത്തിെൻറയും അഞ്ച് പുതിയ സോണുകൾ ബോളിവാഡ് വേൾഡിൽ ഇത്തവണത്തെ റിയാദ് സീസൺ ആഘോഷത്തിന് മുന്നോടിയായി കൂട്ടിച്ചേർത്തതാണ്.
ഇതോടെ 30 ശതമാനം കൂടി ബോളിവാഡ് വേൾഡിെൻറ വിസ്തൃതി വർധിച്ചു. വൈവിധ്യമാർന്ന ആഗോള സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന മൊത്തം സോണുകളുടെ എണ്ണം ഇതോടെ 22 ആയി. വ്യത്യസ്ത ദേശങ്ങളുടെ രുചികൾ പരിചയപ്പെടുത്തുന്ന 300 റസ്റ്റാറന്റുകളും കഫേകളും 800ലധികം ഷോപ്പുകളും ഇവിടെയുണ്ട്.
രാജ്യത്തിനകത്തും പുറത്തും നിന്ന് സ്വദേശികളും വിദേശികളും ബോളിവാഡിലെത്തുന്നുണ്ട്. വാരാന്ത്യങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചൂട് കുറഞ്ഞു അനുകൂല കാലാവസ്ഥ കൂടിയായപ്പോൾ റിയാദ് സീസൺ വേദികളിലെല്ലാം നല്ല ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.