റിയാദ്: രാജ്യാന്തര ശ്രദ്ധനേടിയ പ്രവാസി സംഘടനയാണ് കെ.എം.സി.സിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കോവിഡ് വ്യാപനകാലത്ത് പ്രവാസി സമൂഹത്തിനിടയിൽ കെ.എം.സി.സി ചെയ്തിട്ടുള്ള സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും എം.പി പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ വരെ പരാജയപ്പെട്ട ഘട്ടങ്ങളിൽ വിമാന സർവിസ് ഉൾപ്പെടെ കെ.എം.സി.സി നൽകിയിട്ടുള്ള സേവനപ്രവർത്തനങ്ങൾ പ്രവാസികൾക്ക് വലിയ ആശ്വാസം പകർന്നതാണ്. സാമുദായിക കലാപത്തിന് സാധ്യതയുള്ള പല ഘട്ടങ്ങളിലും ലീഗ് സ്വീകരിച്ച പക്വമായ നിലപാടുകൾ കേരളക്കരയുടെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ കാരണമായിട്ടുണ്ട്.
ഭരണം നിലനിർത്താൻ സി.പി.എം സ്വീകരിക്കുന്ന അവസരവാദ, പ്രീണന നിലപാടുകൾ വലിയ അപകടമാണ് ഉണ്ടാക്കാൻ പോകുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട പല കേസുകളും പരിശോധിച്ചാൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കാണാൻ കഴിയുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, ജലീൽ തിരൂർ, അഷ്റഫ് കൽപകഞ്ചേരി, നാസർ മാങ്കാവ്, ഷാഫി തുവ്വൂർ, റഫീഖ് മഞ്ചേരി, അഡ്വ. അനീർ ബാബു, നജീബ് നല്ലാങ്കണ്ടി, പി.സി. മജീദ്, മാമുക്കോയ തറമ്മൽ, ഷംസു പെരുമ്പട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.