ദമ്മാം: കോവിഡനെ തുടർന്ന് ദുരിതത്തിലായ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി അഞ്ച് മാസമായി പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡെസ്ക്കിെൻറ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഓൺലൈനായി നടന്ന സമാപനസമ്മേളനം നോർക്ക റൂട്ട്സ് െറസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. ലോകത്തെ മറ്റേതു രാജ്യത്തും നടന്ന നോർക്ക ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങളെക്കാൾ മികച്ച രീതിയിൽ ഒത്തൊരുമയോടെ പ്രവർത്തനങ്ങൾ കാഴ്ചെവച്ച സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ് ഡെസ്ക്കിനെ അദ്ദേഹം അഭിനന്ദിച്ചു. ലോക കേരളസഭാഗം പവനൻ മൂലക്കീൽ അധ്യക്ഷത വഹിച്ചു.
നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ ആൽബിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് കാരണം ജോലിയും വരുമാനവും ഇല്ലാതായ പ്രവാസികൾക്കായി ദമ്മാം, ഖോബാർ, അബ്ഖൈഖ്, ജുബൈൽ, അൽഅഹ്സ എന്നീ പ്രദേശങ്ങളിലായി 40 ടണിലധികം ഭക്ഷണസാധന കിറ്റുകളാണ് വിതരണം ചെയ്തത്. ക്വാറൻറീനിൽ കഴിഞ്ഞ പ്രവാസികൾക്കായി മൂവായിരത്തിലധികം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. വന്ദേഭാരത് മിഷൻ വിമാന സർവിസുകളുടെ അപര്യാപ്തതയും ചാർട്ടേഡ് വിമാനങ്ങൾ ചുമത്തിയ അമിത ടിക്കറ്റ് നിരക്കും പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് തടസ്സമായപ്പോൾ, വളരെ കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനസർവിസ് ഏർപ്പെടുത്തി. ഏഴു വിമാനങ്ങളാണ് നോർക്ക ഹെൽപ് ഡെസ്ക് ചാർട്ടർ ചെയ്തു സർവിസ് നടത്തിയത്. ഹെൽപ് ഡെസ്ക്കിെൻറ മെഡിക്കൽ വിഭാഗം രോഗികളായ 250ഒാളം പേർക്ക് മരുന്നെത്തിക്കുകയും 450ഒാളം പേർക്ക് വിദഗ്ധ ഡോക്ടർമാരുടെ ഓൺലൈൻ സേവനം നൽകുകയും ചെയ്തു.
കോവിഡ് ബാധിതരായ 215 പേർക്ക് കൗൺസലിങ് നൽകുകയുണ്ടായി. പ്രവാസികൾ നേരിട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യവകുപ്പ്, വ്യോമയാന വകുപ്പ്, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ ഡയറക്ടർ എന്നിവർക്കടക്കം 14 നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രവാസികൾക്കിടയിൽ കോവിഡിനെപ്പറ്റിയുള്ള ബോധവത്കരണത്തിനും നിയമസഹായത്തിനും തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഇടപെടൽ നടത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, നോർക്ക ഹെൽപ് ഡെസ്ക് കോർകമ്മിറ്റി മെംബർമാരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, ഹെൽപ് ഡെസ്ക് അൽഅഹ്സ ചെയർമാൻ നാസർ മദനി, ലോക കേരളസഭ അംഗം നാസ് വക്കം എന്നിവർ സംസാരിച്ചു. ലോക കേരളസഭാഗം എം.എ. വാഹിദ് കാര്യറ സ്വാഗതവും നോർക്ക ഹെൽപ് ഡെസ്ക് ജുബൈൽ കൺവീനർ ജയൻ തച്ചൻപ്പാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.