അൽഖോബാർ: തുഖ്ബയിൽ ഒരു കമ്പനിയുടെ ക്യാമ്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിലായ ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ് ഡെസ്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു. അൽഖോബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരാർ കമ്പനിയിലെ തൊഴിലാളികളാണ് രണ്ടു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിൽ കഴിയുന്നത്. കൂടുതലും ഇന്ത്യക്കാരാണ് തൊഴിലാളികൾ. ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യക്കാരുമുണ്ട്.
കോവിഡിൽ സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി ലോക്ഡൗൺ അവസാനിച്ചിട്ടും തൊഴിലാളികൾക്ക് ജോലിയോ ശമ്പളമോ ഭക്ഷണത്തിനുള്ള അലവൻസോ നൽകിയിട്ടില്ല. തൊഴിലാളികൾക്ക് എക്സിറ്റും ടിക്കറ്റും ശമ്പളകുടിശ്ശികയും സർവിസ് ആനുകൂല്യങ്ങളും നൽകി നാട്ടിലേക്ക് അയക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ അതൊന്നും ചെയ്തിട്ടില്ല. നിസ്സഹായവസ്ഥയിലായ തൊഴിലാളികൾ നോർക്ക ഹെൽപ് ഡെസ്ക്കിനെ ബന്ധപ്പെടുകയായിരുന്നു. ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഭാരവാഹികളായ പവനൻ മൂലക്കൽ, സുനിൽ മുഹമ്മദ്, ഷഫീക്ക്, വിമൽ, രത്നാകരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.