ജിദ്ദ: നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കി ഭരിച്ച സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ വീരസ്മരണകള്‍ക്ക് മുന്നില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ജിദ്ദയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഒ.ഐ.സി.സി സീനിയർ നേതാവ് മുസ്തഫ പെരുവള്ളൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.
ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വർത്തമാനകാലത്ത് വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. അന്ന് വൈദേശിക ആധിപത്യം ആയിരുന്നു ഭീഷണി എങ്കിൽ ഇന്ന് രാജ്യത്തിനകത്തുതന്നെയുള്ള ഫാഷിസ്റ്റുകൾ ആണ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണി. സമകാലിക ഭാരത ജനതയുടെ സ്വാതന്ത്ര്യവും, പരമാധികാരവും കൈയാളുന്നത് ഒരു കൂട്ടം കോർപറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം.
ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്ന ദയനീയവും, അത്യന്തം ആപല്‍ക്കരവുമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മതേതരത്വം എന്നത് രാജ്യത്തിന് ഭരണനേതൃത്വം കൊടുക്കുന്ന സംഘ്പരിവാർ ഫാഷിസ്റ്റുകൾക്ക് ഭരണഘടനയിലെ വെറുമൊരു വാക്ക് മാത്രമായിരിക്കുന്നു.
വർഗീയ ശക്തികളെ ഒറ്റപ്പെടുത്തി മതേതരത്വവും ജനാധിപത്യവും, ഭാരതത്തിന്റെ പരമാധികാരവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും തയാറാകണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗഫൂർ കാളികാവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മധുര പലഹാരം വിതരണം ചെയ്തു.
ഹുസൈൻ ചുള്ളിയോട്, സി.എം അഹമ്മദ്, അസ്ഹാബ് വർക്കല, സഹീർ മാഞ്ഞാലി, ശ്രീജിത്ത് കണ്ണൂർ, ബഷീർ പരുത്തിക്കുന്നൻ, നാസർ കോഴിത്തൊടി, സുധീഷ് കണ്ണൂർ, ഷൗക്കത്ത് പരപ്പനങ്ങാടി, സമീർ കാളികാവ്, ഫൈസൽ മക്കരപ്പറമ്പ്, എം.ടി ഗഫൂർ എന്നിവർ സംസാരിച്ചു. ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും ഷിബു കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.