റിയാദ്: ‘കേരള ഇലക്ട്രിസിറ്റി ബോർഡ് ആരുടെ പക്ഷത്ത്?’ എന്ന വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ സൗദി ഘടകമായ ‘ആവാസ്’ ജനകീയ സംവാദം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഹോട്ടലിൽ നടക്കുന്ന പരിപാടി ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടം ചെയ്യും.
മുൻ ടി.വി അവതാരകനും കെ.എസ്.ഇ.ബി വിഷയത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയയാളുമായി ഷൗക്കത്ത് അലി എരോത്ത് മോഡറേറ്ററാവും. ആം ആദ്മി പാർട്ടിയുടെ 12ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ആവാസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ ആദ്യത്തേതാണ് ഈ ജനകീയ സംവാദമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈദ്യുതി ബോർഡിന്റെ വർഷങ്ങളായുള്ള കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് വൈദ്യുതി ചാർജ് വർധനവിലേക്ക് നയിച്ചത്. അർധ-ജുഡീഷ്യൽ സ്ഥാപനമായ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബർ മൂന്ന്, നാല്, അഞ്ച്, 11 തീയതികളിൽ കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പൊതു-തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു.
ഇതിൽ പങ്കെടുത്ത നാലായിരത്തോളം ആളുകളിൽ 99 ശതമാനം പേരും ചാർജ് വർധിപ്പിക്കരുത് എന്നാവശ്യപ്പെട്ടതാണ്. എന്നാൽ ഇതൊന്നും വകവെക്കാതെ ചാർജ് വർധിപ്പിക്കാൻ ശിപാർശ ചെയ്ത കമീഷൻ, പൊതു-തെളിവെടുപ്പ് പ്രഹസനം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
എല്ലാ ജില്ലകളിലും കൂടുതൽ ജനപങ്കാളിത്തത്തോടെ പൊതു-തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് അഡ്വ. വിനോദ് മാത്യു വിൽസൻ ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ കൂടി അഭിപ്രായ സ്വരൂപണത്തിന് റിയാദിൽ ജനകീയ സംവാദം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 0532528262 എന്ന നമ്പറിൽ ബന്ധപ്പെടാം.
വാർത്താസമ്മേളനത്തിൽ ഡോ. സെലിൻ ഫിലിപ്പ്, ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഷൗക്കത്ത് അലി എരോത്ത്, ആവാസ് റിയാദ് ഘടകം കൺവീനർ അബ്ദുൽ അസീസ് കടലുണ്ടി, മുൻ കൺവീനർ അസീസ് മാവൂർ, മുൻ സെക്രട്ടറി ഇല്യാസ് പാണ്ടിക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.