റിയാദ്: നവോദയ കുടുംബവേദിയുടെ വനിതദിനാചരണത്തോടനുബന്ധിച്ച് കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു പെൺകുട്ടികളെ പൊതുവേദിയിൽ ആദരിച്ചു. നിരവധി ദേശീയ അന്തർദേശീയ ബാഡ്മിൻറൺ മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കി ഒരേ സമയം ഇന്ത്യയുടേയും സൗദി അറേബ്യയുടേയും അഭിമാനമായി മാറിയ റിയാദിലെ മലയാളി വിദ്യാർഥി ഖദീജ നിസ, കായിക രംഗത്തും നൃത്തവേദികളും അഭിനയ, മോഡലിങ് രംഗത്തും തിളങ്ങി ഇംഗ്ലീഷ് ഭാഷയിൽ നോവലും എഴുതി പ്രതിഭ തെളിയിച്ച ഗ്രീഷ്മ ജോയ് എന്നീ പെൺകുട്ടികളാണ് ആദരവിന് അർഹരായത്.
സൗദി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഖദീജ നിസ എന്ന പ്രവാസി മലയാളി പെൺകുട്ടി. 2015 മുതൽ ബാഡ്മിന്റൺ മത്സരവേദികളിൽ സജീവമായ ഖദീജ റിയാദിലെ ഐ.ടി എൻജിനീയറായ, കോഴിക്കോട് കൊടുവള്ളി സ്വദേശി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്. റിയാദ് ന്യൂ മിഡിലീസ്റ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ഖദീജ നിസ ഈ ചെറുപ്രായത്തിൽതന്നെ ദേശീയ അന്താരാഷ്ട്ര വേദികളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി.
13 അന്താരാഷ്ട്ര മെഡലുകളാണ് നേടിയത്. പ്രഥമ സൗദി നാഷനൽ ഗെയിംസിലും രണ്ടാമത് ഗെയിംസിലും സ്വർണ മെഡൽ നേടി. 2023 ൽ റിയാദിൽ നടന്ന അറബ് ചാമ്പ്യൻഷിപ് അണ്ടർ 19 വിഭാഗം, വ്യക്തിഗതയിനം, ഗേൾസ് ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നീ മൂന്ന് വിഭാഗങ്ങളിലും സ്വർണം സ്വന്തമാക്കി. രാജസ്ഥാനിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ ടൂർണമെൻറ് അണ്ടർ 19, വ്യക്തിഗത മത്സരത്തിൽ ജേതാവായി. സൗദിയിൽനിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ഗോൾഡ് മെഡൽ സ്വന്തമാക്കുന്നത്.
2023 ലെ മിസ് കേരള മത്സരത്തിൽ ‘മിസ് ടാലൻറ്ഡ് കേരള’യായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ജോയ് തൃശൂർ സ്വദേശികളായ ജോയ് റാഫേൽ - റാണി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ്. നർത്തകി, മോഡൽ, അഭിനേത്രി, കായികതാരം, എഴുത്തുകാരി അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹയാണ് ഗ്രീഷ്മ. ഡാൻസർ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഗ്രീഷ്മ, പ്രശസ്ത സംവിധായകൻ ജയൻ തിരുമനയുടെ സംവിധാനത്തിൽ റിയാദ് നവോദയ ഒരുക്കിയ തീപ്പൊട്ടൻ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. റിയാദിൽ അൽ യാസ്മിൻ സ്കൂൾ വിദ്യാർഥിനിയായിരിക്കെ തുടർച്ചയായി സ്പോർട്സ് ചാമ്പ്യനായിരുന്നു. ഇപ്പോൾ ജയിൻ യൂനിവേഴ്സിറ്റിയിൽ ന്യൂറോ സൈക്കോളജിക്ക് പി.ജി ഡിപ്ലോമ ചെയ്യുന്നു. 2020 ൽ ‘21 ഗുഡ് ഓൾഡ് ഡേയ്സ്- ലിവ് നോട്ട് സർവൈവ്’ എന്ന ഒരു നോവലും ഗബ്രിയേല മെയ് എന്ന തൂലികാ നാമത്തിൽ ഗ്രീഷ്മ എഴുതി പ്രസിദ്ധീകരിച്ചു.
നവോദയ കുടുംബവേദി കൺവീനർ ആതിര ഗോപനും മോഡേൺ മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീണും ചേർന്ന് ഉപഹാരം കൈമാറി ഖദീജ നിസയെ ആദരിച്ചു. നാട്ടിലുള്ള ഗ്രീഷ്മയുടെ അസാന്നിധ്യത്തിൽ മാതാപിതാക്കൾ കുടുംബവേദി ട്രഷറർ അഞ്ജു ഷാജു, മോഡേൺ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് എന്നിവരിൽനിന്നും ഉപഹാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.