ദമ്മാം: തിരുവോണമെത്തിയത് സൗദി അറേബ്യയിലെ പ്രവൃത്തി ദിനത്തിലായിട്ടും സദ്യവട്ടങ്ങളിൽ കുറവുവരുത്താതെ മലയാളികൾ ആഘോഷം ഗംഭീരമാക്കി. ജോലിയുള്ളതിനാൽ ഹോട്ടലുകളെ ആശ്രയിച്ചാണ് പലരും സദ്യവട്ടങ്ങൾ ഉണ്ടാക്കുന്നതിൽനിന്ന് രക്ഷനേടിയത്. ഓണസദ്യ വിളമ്പിയ മലയാളി ഹോട്ടലുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്ന് പായസമടക്കം തൂശനിലയിൽ 32 ലേറെ വിഭവങ്ങളുമായാണ് മിക്കയിടത്തും ഓണസദ്യ ഒരുങ്ങിയത്. മലയാളികൾ മാത്രമല്ല, സൗദി പൗരന്മാരും മറ്റ് വിവിധ രാജ്യക്കാരുമെല്ലാം ഓണസദ്യയുണ്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രവൃത്തിദിവസം കണക്കിലെടുത്ത് ചെറുതും വലുതുമായ ഒട്ടുമിക്ക ഭക്ഷണശാലകളും കാലേക്കൂട്ടി തയാറെടുപ്പ് നടത്തിയിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ് ഇത്തവണ സാക്ഷാൽ പഴയിടം നമ്പൂതിരിയെ കൊണ്ട് ഓണസദ്യ ഒരുക്കിപ്പിച്ച് പൊലിമ കൂട്ടി. സൗദിയിലെ ഓണവിപണിയിൽ ഏറ്റവും ജനപ്രിയമായതും അത് തന്നെ.
ഏത്തയ്ക്ക ഉപ്പേരി, ശർക്കരവരട്ടി, പഴം, പപ്പടം, പരിപ്പ്, സാമ്പാർ, മാമ്പഴ പുളിശ്ശേരി, കാച്ചിയ മോര്, പച്ചമോര്, രസം എന്നീ ഒഴിച്ചുകറികളും പലതരം പച്ചടി, കിച്ചടി, ഓലൻ, കാളൻ, ഇഞ്ചിക്കറി, അവിയൽ, കൂട്ടുകറി, തോരൻ, മാങ്ങ, നാരങ്ങ അച്ചാറുകൾ എന്നിവയും സദ്യവട്ടങ്ങളിൽ ഇടംപിടിച്ചു.
അട പ്രഥമൻ, കടല പ്രഥമൻ, പഴം പ്രഥമൻ, പായസം, സേമിയ പായസം, പാലട എന്നിങ്ങനെ വ്യത്യസ്ത തരം വിഭവങ്ങളായിരുന്നു ഇത്തവണ ഒരോ ഭക്ഷണശാലകളും പ്രത്യേകമായി ഒരുക്കി നൽകിയത്. മിക്കയിടങ്ങളിലും തങ്ങൾ കരുതിവെച്ചതിനും പ്രതീക്ഷിച്ചതിനുമപ്പുറം ആളുകൾ സദ്യ കഴിക്കാനെത്തിയതായി ഹോട്ടൽ നടത്തിപ്പുകാർ പറഞ്ഞു. ഓണത്തിരക്ക് പ്രമാണിച്ച് മിക്ക ഹോട്ടലുകളും കൂടുതൽ ആളുകളെ വിവിധ ജോലികൾക്കായി നിയോഗിച്ചിരുന്നു. ചിലയിടത്തൊക്കെ സദ്യവട്ടങ്ങൾ ഒരുക്കാൻ സദ്യ സ്പെഷൽ പാചകക്കാരെയും എത്തിച്ചിരുന്നു.
കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കി നൽകിയാണ് ഓരോ ഹോട്ടലുകളും ആളുകളെ സ്വീകരിച്ചത്. ഹോട്ടലുകളിൽ വിളമ്പുന്നതോടൊപ്പം പാർസലുകളും നൽകി. കൂടാതെ മുൻകൂട്ടി ബുക്കിങ് നടത്തിയവർക്ക് അവരുടെ ഇടങ്ങളിൽ എത്തിച്ചും നൽകി. രാവിലെ 10 മണിയോടെ വിഭവങ്ങളടങ്ങിയ സദ്യ ഇലയടക്കം പാർസലായി വിതരണം ചെയ്യുന്നതിനായി ജീവനക്കാർ പുറപ്പെടുന്നതും കാഴ്ചകളായിരുന്നു മിക്കയിടങ്ങളിലും.
ചൂടുള്ള കാലാവസ്ഥയിൽ ചോറും കറികളുമൊക്കെ പെട്ടെന്ന് കേടുവരാൻ സാധ്യതയുള്ളതിനാൽ വിതരണത്തിനായി തയാറാക്കിയ സദ്യപ്പൊതികൾ വേഗം എത്തിച്ചു നൽകാൻ പരക്കം പായുകയായിരുന്നു ജീവനക്കാർ. മലയാളികളുടെ സ്ഥാപനങ്ങളൊക്കെ ഓണത്തിന് മുഴുദിനമോ പകുതിദിനമോ അവധി നൽകി. ചിലരൊക്കെ ഓണദിവസം അവധിയെടുത്ത് കൂട്ടായി സദ്യ ഒരുക്കിയും ആഘോഷിച്ചിരുന്നു. ഈ വ്യാഴാഴ്ച മുതൽ ഒക്ടോബർ വരെ വിവിധ പ്രവാസി സംഘടനകൾ ഓണാഘോഷം തുടരും.
ചില സംഘടനകൾ സെപ്റ്റംബർ 23ന് സൗദി ദേശീയദിന ആഘോഷവും ഓണവും ഒരുമിച്ച് ആഘോഷിക്കാനിരിക്കുകയാണ്. ശരിക്കുമുള്ള ഓണാഘോഷം ഇനി വരുന്ന നാളുകളിലാണ് നടക്കാൻ പോകുന്നത്. ഇനിയുള്ള വെള്ളിയാഴ്ചകളിലാണ് പ്രവാസി സംഘടനകളുടെ ഓണാഘോഷങ്ങൾ നടക്കുക. ശിങ്കാരി മേളവും കുടമടിയും വടം വലിയും തിരുവാതിരയും ഉൾപ്പെടെ ഓണത്തിന്റെ തനത് ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഏതാണ്ട് ഒക്ടോബർ അവസാനം വരെയുള്ള വെള്ളിയാഴ്ചകളിലെ പരിപാടികൾ സംഘടനകൾ പങ്കിട്ടെടുത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.