ജിദ്ദ: സൗദിയിൽ കോവിഡ് വാക്സിന്റെ രണ്ടാം ഡോസെടുത്തതിന് ശേഷം മൂന്ന് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇങ്ങിനെയുള്ളവർക്ക് സിഹത്തി മൊബൈൽ ആപ്പ് വഴി ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാൻ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.
രണ്ടാം ഡോസെടുത്തതിന് ശേഷം ആറ് മാസം കഴിഞ്ഞാൽ മാത്രമേ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുള്ളൂ എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദേശം. സിഹത്തി ആപ്പിൽ ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് അവർ രണ്ടാം ഡോസെടുത്ത് ആറ് മാസം കഴിഞ്ഞെങ്കിൽ മാത്രമേ ബുക്കിങ് അനുമതി കിട്ടിയിരുന്നുള്ളൂ. ഇതിലാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റർ ഡോസിനുള്ള റിസർവേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കൺസൾട്ടന്റ് ഡോ. അബ്ദുല്ല അസീരിയാണ് വെളിപ്പെടുത്തിയത്. 2022 ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസെടുത്തവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിലും മാളുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കാൻ അനുവദിക്കൂവെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. അതിനാൽ ബൂസ്റ്റർ ഡോസ് എടുക്കാനുള്ളവരുടെ തിരക്ക് കുറക്കുന്നതിനും നടപടി ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണ് കാലാവധി കുറച്ചതെന്നും അസീരി കൂട്ടിച്ചേർത്തു.
18 വയസ് മുതൽ മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇതുവരെ രാജ്യത്ത് 587,809 ഡോസ് ബൂസ്റ്റർ വാക്സിൻ ആണ് വിതരണം ചെയ്തത്. രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള കാലാവധി മൂന്ന് മാസമായി കുറച്ചതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് ബൂസ്റ്റർ ഡോസ് എടുക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.