ജിദ്ദ: സൗദിയിൽ വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളുമടക്കം ഏതുതരം ജീവികളോട് ക്രൂരത കാട്ടിയാലും ലക്ഷം റിയാൽവരെ പിഴചുമത്തുമെന്ന് ദേശീയ വന്യജീവികേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കരയിലും കടലിലുമുള്ള ജീവികളോട് അവയുടെ പ്രകൃതിക്കനുസൃതമായ പെരുമാറ്റമാണ് വേണ്ടത്. അല്ലാത്ത രീതിയിലുള്ള പെരുമാറ്റവും അവയെ അലഞ്ഞുതിരിയാൻ വിട്ടയക്കലും രാജ്യത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കലാവും. ജീവികളെയും അപകടത്തിലാക്കും.
വിദേശത്തുനിന്ന് ജീവികളെ കൊണ്ടുവരുമ്പോൾ സവിശേഷമായ ആവാസവ്യവസ്ഥയിൽനിന്നുള്ള മാറ്റം അവയുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും. മാത്രമല്ല, സൗദിയിലെ തനത് അന്തരീക്ഷത്തിൽ കഴിയുന്ന ജീവികളിലുള്ള നൈസർഗികമായ മൂല്യം നഷ്ടപ്പെടാൻ അതിടയാക്കും. വിദേശത്തുനിന്ന് വരുന്നവയും ഇവിടെയുള്ളവയും തമ്മിൽ ഇടപഴകി ഒരു ബന്ധവുമില്ലാത്ത സങ്കരയിനങ്ങളായി മാറുകയും ചെയ്യും.
ഇത് ജനിതക ആസ്തികളുടെ നഷ്ടമുണ്ടാക്കും. ജീവികളെ വിട്ടയക്കുമ്പോൾ അപരിചിതരായ മൃഗങ്ങൾ കൊണ്ടുവരുന്ന പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പൊതുവെ ആവാസവ്യവസ്ഥയുടെ സുരക്ഷക്ക് ഭീഷണിയാകും. കാലക്രമേണ അത് മുക്തിനേടാൻ പ്രയാസമുള്ള ഒരു കീടമായി മാറുകയും സാമ്പത്തികവും ആരോഗ്യപരവുമായ നാശത്തിന് കാരണമാകുകയും ചെയ്യുമെന്നും ദേശീയ വന്യജീവികേന്ദ്രം വ്യക്തമാക്കി.
മൃഗങ്ങളെയോ ജന്തുക്കളെയോ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്നത് പാരിസ്ഥിതിക ലംഘനമാണ്. ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. പ്രകൃതിക്കനുസൃതമല്ലാതെ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്ന ഓരോ പ്രാദേശിക ജീവികൾക്കും 5000 റിയാലും ജീവി പ്രാദേശികമല്ലെങ്കിൽ ലക്ഷം വരെ പിഴയുമുണ്ടാകുമെന്നും മൃഗസംരക്ഷണ നിയമം അനുശാസിക്കുന്നുണ്ട്. വളർത്തുപൂച്ചകളും നായ്ക്കളും പോലുള്ളവയെ വന്യമായ പരിതസ്ഥിതിയിൽ ഉപേക്ഷിക്കുന്നത്, ഇരപിടിത്തം, ഭക്ഷണത്തിനായുള്ള മത്സരം, രോഗങ്ങളുടെ വ്യാപനം, സങ്കരവത്കരണം എന്നിവയിലൂടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയാണെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.