റിയാദ്: ജനകീയരായ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഒട്ടേറെ കേരളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷത്തിനും സംവിധാനങ്ങൾക്കുമപ്പുറം പ്രവാസികൾക്കുവേണ്ടി നേരിട്ട് ഇടപെടലുകൾ നടത്തിയ നേതാവ് ഉമ്മൻ ചാണ്ടി മാത്രം. പ്രത്യേകിച്ചും സൗദി അറേബ്യയിലെ മലയാളികളുടെ കാര്യത്തിൽ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിമായിരുന്നപ്പോഴും ഉണ്ടായത് ഒരേ സമീപനം.
പേഴ്സനൽ സ്റ്റാഫിലെ ഒരാളെ തന്നെ സൗദി മലയാളികൾക്കായി അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു, കായംകുളം സ്വദേശി ശിവദാസൻ. അതിനായി ഇടക്കിടെ അദ്ദേഹം സൗദിയിൽ വന്നിരുന്നു.
ഏതാണ്ട് ഏഴെട്ട് വർഷം അങ്ങനെ ഉമ്മൻ ചാണ്ടിയുടെ സൗദിയിലെ ‘സ്ഥിരം പ്രതിനിധി’യായി ശിവദാസൻ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും തന്നെ സമീപിക്കുന്ന പ്രവാസികളെ വെറുതെ തിരിച്ചയക്കാതിരുന്നതിനാൽ സ്റ്റാഫ് അല്ലാതായിട്ടും തെൻറ മരണം വരെ ശിവദാസൻ പ്രവർത്തനങ്ങൾ തുടർന്നു. നാലുവർഷം മുമ്പ് ശിവദാസൻ മരിച്ചു.
വിവിധ കേസുകളിൽ സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 12 മലയാളികളെയാണ് ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയത്. പ്രവാസി വ്യവസായികളുടെയും മറ്റും സഹായത്തോടെ ദിയാധനം (മോചനദ്രവ്യം) സ്വരൂപിച്ച് നൽകിയും ഔദ്യോഗിക ഇടപെടൽ നടത്തിയുമായിരുന്നു ഇത്. ഇക്കാലയളവിൽ മുന്നൂറോളം മൃതദേഹങ്ങൾ സൗദിയിൽനിന്ന് നാട്ടിലെത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തി.
വാഹനാപകട കേസുകളിൽ പെട്ട് വൻ തുക നഷ്ടപരിഹാരം കൊടുക്കാനില്ലാതെ ജയിലുകളിൽ കിടന്ന നിരവധിയാളുകളെ മോചിപ്പിച്ച് നാട്ടിൽ എത്തിച്ചു. രോഗമോ അപകടമോ മൂലം പ്രവാസത്തിൽ അടിതെറ്റി വീണവർക്കും രക്ഷയുടെ കരം നീട്ടി.
ശിവാദാസനും സൗദിയിലെ സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അഷ്റഫ് കുറ്റിച്ചൽ പോലുള്ള സാമൂഹികപ്രവർത്തകരും വഴിയാണ് ഈ രക്ഷാദൗത്യങ്ങൾ നിർവഹിച്ചുപോന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നോർക്ക-റൂട്ട്സിെൻറ സൗദി അറേബ്യയിലെ കൺസൾട്ടൻറായി ശിഹാബ് കൊട്ടുകാടിനെ നിയമിച്ചത്.
ദൗത്യനിർവഹണത്തിന് അദ്ദേഹത്തെ ഔദ്യോഗികമായി തന്നെ ഉപയോഗിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രപരമായ നീക്കമായിരുന്നു അത്.
ഖത്തറിലെ മലയാളി വ്യവസായിയും ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനുമായിരുന്ന പരേതനായ അഡ്വ. സി.കെ. മേനോൻ ഉൾെപ്പടെയുള്ള പ്രവാസികളാണ് ഈ രക്ഷാദൗത്യങ്ങളിൽ സാമ്പത്തിക പിന്തുണയായി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നത്. അങ്ങനെയുള്ളവരെ നല്ല ലക്ഷ്യത്തോടെ അണിനിരത്താൻ അദ്ദേഹത്തിെൻറ രാഷ്ട്രീയ കൗശലമാണ് സഹായിച്ചതെങ്കിലും അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നത് മനുഷ്യത്വമാണെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.