ജിദ്ദ: ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 50 വർഷം കോൺഗ്രസ് എം.എൽ.എയായി പ്രവർത്തിച്ച് ചരിത്ര നേട്ടത്തിന് ഉടമയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്നേഹാദരവ് അർപ്പിക്കാൻ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച സൗദി സമയം ഉച്ചക്ക് രണ്ടിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന വെർച്വൽ സമ്മേളനത്തിൽ പരമാവധി പ്രവാസികളുടെ സാന്നിധ്യം ഉറപ്പുവരുത്തും.
ഉമ്മൻ ചാണ്ടിയുടെ 'നിയമസഭ സാമാജികത്വത്തിെൻറ അതുല്യമായ അമ്പതാണ്ട്' എന്ന പേരിൽ വെള്ളിയാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയും ശനിയാഴ്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കേരളത്തിെൻറ വികസന സെമിനാറുമടക്കം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രവാസികളെ ഏറെ സ്നേഹിക്കുകയും നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ ഈ ചരിത്ര നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി ഒ.ഐ.സി.സിയുടെ 'ആരോഗ്യ സഹായി' പദ്ധതിയുടെ ഭാഗമായി നിർധനരായ 50 വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സഹായം നൽകാനും തീരുമാനിച്ചു. റീജനൽ കമ്മിറ്റിക്ക് കീഴിലുള്ള ജില്ല, ഏരിയ കമ്മിറ്റികൾ മുഖാന്തരമായിരിക്കും പദ്ധതി നടപ്പാക്കുക. ഇതോടനുബന്ധിച്ച് ജിദ്ദ പ്രവാസികളുടെ സ്നേഹാദരവ് അറിയിക്കുന്നതിനായി കേരളത്തിലെ മാധ്യമങ്ങളിൽ സപ്ലിമെൻറ് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട പരിപാടികളെക്കുറിച്ച് അറിയുന്നതിനും നാട്ടിൽ നടക്കുന്ന പരിപാടികളുടെ ഓൺലൈൻ ലിങ്ക് ലഭിക്കുനതിനും 0532848635, 0508816046, 0556602367 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.
30 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജിദ്ദ വിമാനത്താവളത്തിലെ സീനിയർ ട്രാഫിക് സൂപ്പർവൈസർ അബ്ദുൽ ഹമീദ് പറക്കുണ്ടന് യോഗത്തിൽ യാത്രയയപ്പ് നൽകി. സാകിർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, നാസിമുദ്ദീൻ മണനാക്ക്, യൂനുസ് കാട്ടൂർ, ഉസ്മാൻ കുണ്ടുകാവിൽ, സമീർ നദ്വി കുറ്റിച്ചൽ, ഷാജി ചുനക്കര, ഹമീദ് പേരുംപറമ്പിൽ, ഉമർ കോയ ചാലിൽ, സിദ്ദീഖ് ചോക്കാട്, കെ. അബ്ദുൽ ഖാദർ, ശ്രീജിത്ത് കണ്ണൂർ, ജോഷി വർഗീസ്, സഹീർ മാഞ്ഞാലി, ഫസലുല്ല വെള്ളൂബാലി, മനോജ് മാത്യു, അൻവർ കല്ലമ്പലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.