സി​ജി ജി​ദ്ദ ചാ​പ്റ്റ​റി​നു കീ​ഴി​ലു​ള്ള ബി​സി​ന​സ് ഇ​നീ​ഷ്യേ​റ്റി​വ് ഗ്രൂ​പ് (ബി​ഗ്) ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ് സെ​മി​നാ​റി​ൽ നി​ന്ന്

സൗദിയില്‍ സ്വയം സംരംഭകത്വ സാധ്യത വര്‍ധിച്ചു -സിജി സെമിനാർ

ജിദ്ദ: സൗദിയില്‍ വ്യവസ്ഥാപിത മാർഗേണയുള്ള സ്വയം സംരംഭകത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി സെന്റർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് കീഴിലുള്ള ബിസിനസ് രംഗത്തെ മലയാളി കൂട്ടായ്മയായ ബിസിനസ് ഇനീഷ്യേറ്റിവ് ഗ്രൂപ് (ബിഗ്) സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.താസ് അംജത് ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി ഗ്രൂപ് കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ കണ്‍സല്‍ട്ടന്റ് അഹ്സന്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. പ്രവാസി നിക്ഷേപകര്‍ക്ക് ഇപ്പോൾ സൗദി പൗരന്മാരായ നിക്ഷേപകരുടെ നിയമപരമായ പരിരക്ഷയും തുല്യതയും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പുതിയ നിക്ഷേപ നിയമങ്ങളിലൂടെ തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള സംവിധാനമുണ്ടെന്നും നിക്ഷേപത്തിന് മതിയായ സംരക്ഷണം ലഭിക്കുമെന്നും കൂടാതെ പ്രവാസി നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനുള്ള വ്യവസ്ഥ ഗുണകരമാണെന്നും അഹ്സന്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.സൗദിയില്‍ നിക്ഷേപത്തിനുള്ള സുവർണാവസരമാണ് കൈവന്നിട്ടുള്ളതെന്നും എന്നാല്‍ സൂക്ഷ്മമായ നിരീക്ഷണത്തോടെ മാത്രമേ ഈ മേഖലയിലേക്ക് പ്രവേശിക്കാവൂവെന്നും പ്രമുഖ ബിസിനസ് വിദഗ്ധന്‍ അലി സൈനുദ്ദീന്‍ പറഞ്ഞു. നിക്ഷേപകരുടെ നേരിയ അശ്രദ്ധ കാരണം ഭീമന്‍ പിഴ അടക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വിവിധ നികുതികള്‍ അടക്കേണ്ട വിധം, തിരിച്ചെടുക്കേണ്ടത്, എവിടെ നിന്നെല്ലാം പിഴ വന്നേക്കാം, അത് ഒഴിവാക്കാനുള്ള വഴികള്‍ തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തഖീഉദ്ദീന്‍, മുഹമ്മദ് അശ്റഫ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു. ജിദ്ദയിലും പരിസര പ്രദേശത്തു നിന്നുമുള്ള പ്രവാസി മലയാളി നിക്ഷേപകരുടെ സംഗമം കൂടിയായി മാറി സെമിനാര്‍.

സിജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചാപ്റ്റര്‍ പ്രസിഡന്റ് എന്‍ജി. മുഹമ്മദ് കുഞ്ഞി വിവരിച്ചു. മലയാളി സംരംഭകരെ സഹകരിപ്പിച്ച് അവരുടെ നേട്ടത്തിനായി നിരവധി നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി മുഹമ്മദലി മഞ്ചേരി അറിയിച്ചു. കെ.എം റിയാസ്, കെ.ടി അബൂബക്കര്‍, എം.എം ഇര്‍ഷാദ്, റഷീദ് അമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ബൈജു സ്വാഗതവും ഫസ്‍ലിന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് അഫ്നാസ് അവതാരകനായിരുന്നു. ഇബ്രാഹീം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.

Tags:    
News Summary - Opportunities for Self-Entrepreneurship grows in Saudi Arabia - CG Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.