ജുബൈൽ: സൗദി അറേബ്യയിലെ എട്ട് തുറമുഖങ്ങളിൽ മൾട്ടി പർപസ് ടെർമിനലുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യമേഖലയിൽ നിന്ന് നിക്ഷേപങ്ങൾ ക്ഷണിച്ച് സൗദി പോർട്സ് അതോറിറ്റി (മവാനി). ഗതാഗത മേഖലയിലെ സ്വകാര്യവത്കരണത്തിനായുള്ള മാവാനിയുടെ സൂപ്പർവൈസറി കമ്മിറ്റി, ഗതാഗത - ലോജിസ്റ്റിക് മന്ത്രാലയം, നാഷനൽ സെൻറർ ഫോർ പ്രൈവറ്റൈസേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് നീക്കം.ദേശീയ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭം വരുന്നത്.
സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖ രംഗത്ത് പ്രാദേശിക സേവനങ്ങൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര മികവോടെ സൗദി തുറമുഖങ്ങളുടെ മത്സരശേഷി ഉയർത്തുന്നതിനും ഇതു സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. ജിദ്ദ ഇസ്ലാമിക് പോർട്ട്, ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ട്, റാസ് അൽ-ഖൈർ പോർട്ട്, ജീസാൻ പോർട്ട്, യാംബു കമേഴ്സ്യൽ പോർട്ട്, ജുബൈലിലെ കിങ് ഫഹദ് പോർട്ട്, യാംബു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കമേഴ്സ്യൽ പോർട്ട് എന്നീ തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ, ജനറൽ കാർഗോ, ബൾക്ക് കാർഗോ, റോറോ കാർഗോ, കന്നുകാലികൾ എന്നിവയുൾപ്പെടെ കയറ്റിറക്കുമതിക്കും യാത്രാഗതാഗതത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
തുറമുഖങ്ങളിലും ലോജിസ്റ്റിക് സേവനങ്ങളിലും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആസ്തികളുടെ ക്രിയാത്മക വിനിയോഗം, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനുമാണ് വികസനം നടപ്പാക്കുന്നത്.പങ്കാളിത്തം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് https://mwni.co/STO-En എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.