റിയാദ്: പലതരം പഴവർഗങ്ങളുടെ പറുദീസയായ ഹരീഖിൽ മധുരനാരങ്ങയുടെ മേളക്ക് തുടക്കം. ഏഴാമത് ഓറഞ്ചുത്സവത്തിനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹരീഖ് പട്ടണത്തിലെ ഈദ് ഗാഹിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്.
വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിെൻറ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ഹരീഖ് ഗവർണറേറ്റും റിയാദ് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് ജനറൽ അതോറിറ്റിയുമാണ് സംഘാടകർ. ഹരീഖ് അമീറും ടൂറിസം ഡവലപ്മെൻറ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ നാസർ അൽജബ്ര മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഗവൺമെൻറ് പുലർത്തുന്ന താൽപര്യത്തിെൻറ നിദർശനമാണ് ഇത്തരം ഫെസ്റ്റിവലുകളെന്ന് കാർഷിക മന്ത്രാലയം ഡയറക്ടർ ജനറൽ എൻജി. ഖാലിദ് അൽസനാ പറഞ്ഞു. പ്രദേശിക കൃഷിക്കാരെയും ഉദ്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനും മേളകൾ വലിയ പങ്കാണ് വഹിക്കുന്നത്. സീസണലായി മാത്രം വിളയുന്ന ഒരു പഴവർഗത്തെ ഒരു ദേശീയ ഉൽപന്നമായി ഉയർത്തികാട്ടുന്നതിനും ഒപ്പം സാമ്പത്തിക, ടൂറിസം രംഗങ്ങളുടെ അഭിവൃദ്ധിക്കും ഓറഞ്ചുത്സവം തനതായ സംഭാവന അർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ബുധനാഴ്ച വരെ തുടരുന്ന മേള എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ്. പ്രദർശനവും വിൽപനയുമാണ് ഇവിടെ നടക്കുന്നത്. ഓറഞ്ചിെൻറ വ്യത്യസ്ത ഇനങ്ങളുടെ 46 പവിലിയനുകളാണ് മേള നഗരിയിലുള്ളത്. ഈത്തപ്പഴത്തിെൻറ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്, മറ്റ് പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേറെ ഒട്ടേറെ സ്റ്റാളുകളും ഉണ്ട്. ഇതിന് പുറമെ ഭക്ഷണശാലകളും കഫേകളും ഗഹ്വയും ഈത്തപ്പഴവും കഴിച്ച് വിശ്രമിക്കാനുള്ള ഹാളുകളും വിവിധ വിനോദപരിപാടികളും ഓറഞ്ചിെൻറയും അത്തിയുടെയും മറ്റും തൈകൾ പ്രദർശനത്തിനും വിൽപനക്കുംവെച്ച നഴ്സറി പവിലിയനുകളും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹരീഖിെൻറ കാർഷിക ചരിത്രം പറയുന്ന പവിലിയനും കൂട്ടത്തിലുണ്ട്.
വിദൂര ദേശങ്ങളിൽനിന്ന് പോലും മേള കാണാനും പഴവർങ്ങൾ വാങ്ങാനും ആളുകൾ എത്തുന്നുണ്ട്. വാരാന്ത്യ അവധിദിവസങ്ങളിൽ ദമ്മാം, റിയാദ്, അൽഖർജ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പടെയുള്ളവർ കുടുംബസമേതവും സന്ദർശകരായി എത്തുന്നു. മേള കാണുകയും പഴവർഗങ്ങളും തേനുമൊക്കെ വാങ്ങുകയും ചെയ്യുന്നു. കൂടാതെ പ്രദേശത്തെ ഓറഞ്ചിേൻറതുൾപ്പടെയുള്ള വിവിധ തോട്ടങ്ങൾ കണ്ട് വിനോദയാത്രയാക്കി അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സൗദി തലസ്ഥാന നഗരമായ റിയാദിൽനിന്ന് 190 കിലോമീറ്റർ തെക്ക് ഭാഗത്താണ് ഹരീഖ് പട്ടണം. കാർഷികമേഖലയാണ് ഇവിടം. വളരെ ഫലപൂയിഷ്ടമാണ് ഇവിടുത്തെ മണ്ണ്. വെള്ളം സുലഭമാണ്. മഴവെള്ളം ശേഖരിക്കാനായി ഹരീഖിൽ തന്നെ വലിയൊരു ഡാമും നിർമിച്ചിട്ടുണ്ട്. ഖരീഖ് ഗവർണറേറ്റിെൻറ ഭൂപരിധിയിലുള്ള ഭാഗത്ത് വിവിയിനം വിളകളുടെ 679 കൃഷിത്തോട്ടങ്ങളാണുള്ളത്. വ്യത്യസ്ത ഇനങ്ങളിലായി 90,000 ഓറഞ്ച് മരങ്ങളാണ് എല്ലാ തോട്ടങ്ങളിലും കൂടിയുള്ളത്. ഒരു ലക്ഷത്തി 21,000 ഈന്തപ്പനകളുണ്ട്. ഒരു സീസണിൽ 3,500 ടൺ ഈത്തപ്പഴം ഈ മേഖലയിൽനിന്ന് ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഏറ്റവും കൂടുതലുള്ളത് അത്തിപ്പഴ തോട്ടങ്ങളാണ്. 11 ലക്ഷം അത്തി മരങ്ങളാണ് ഈ തോട്ടങ്ങളിൽ എല്ലാംകൂടിയുള്ളത്. മറ്റ് പലവിധ പഴവർഗങ്ങളുടെ 2,000 ചെടികളുമുണ്ട്. വർഷം മുഴുവൻ വിളവെടുക്കുന്ന ഒരു കാർഷികസമൃദ്ധ മേഖലയാണ് ഹരീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.