ജിദ്ദ: സൗദിയിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർ വേഗത്തിൽ വാക്സിനെടുക്കണമെന്ന് ഉപദേശിക്കുന്നു. രാജ്യത്ത് സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ് കേസുകൾ റജിസ്റ്റർ ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മുൻകരുതൽ നടപടികളോടുള്ള പ്രതിബന്ധത പോസിറ്റീവ് കേസുകളുണ്ടാകുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ചില രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകളും കാണാൻ തുടങ്ങിയിട്ടുണ്ട്. അവയെ മൂന്നാം തരംഗങ്ങൾ എന്നാണ് വിളിക്കുന്നത്. ഭൂരിഭാഗം കേസുകളും ഔദ്യോഗിക വകുപ്പുകളോ, ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരോ കണ്ടെത്തിയതാണ്. അതിനാൽ പകർച്ചവ്യാധിക്കെതിരെയുള്ള മുൻകരുതൽ പാലിക്കുന്നതിലുള്ള ജാഗ്രത നാം തുടരണമെന്നും വക്താവ് പറഞ്ഞു.
രാജ്യത്തെ വിവിധ മേഖലകളിൽ നൽകിയ കേവിഡ് ഡോസുകളുടെ എണ്ണം 30,26,355 എത്തിയിട്ടുണ്ട്. വാക്സിനെടുത്ത ശേഷം ഗർഭംധരിക്കൽ നീട്ടിവയ്ക്കേണ്ട ആവശ്യമില്ല. ഗർഭധാരണയെയും രക്തദാനത്തെയെന്നും അതു ബാധിക്കുന്നില്ല. രക്തം കട്ടയാകുന്നതും വാക്സിനുകളും തമ്മിൽ ബന്ധമില്ല. അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തെറ്റാണെന്നും കൃത്യമല്ലെന്നും ബന്ധപ്പെട്ട ശാസ്ത്ര വകുപ്പുകൾ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടുന്ന സ്ത്രീകൾക്കും വാക്സിനെടുക്കാം. മുലയൂട്ടുന്ന സ്ത്രീയെയോ അല്ലെങ്കിൽ ശിശുവിനെയോ വാക്സിൻ ബാധിക്കില്ല. മറ്റ് പ്രായക്കാർക്ക് പുറമെ ഗൾഭിണികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് നല്ല പഠനങ്ങൾ നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.