ജിദ്ദ: ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറുമാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. സൗദിയുടെ ഉദാരമായ സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
മൂന്നു മാസമാണ് ഉംറ തീർഥാടകർക്ക് സൗദിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ, ഫലസ്തീൻ പൗരന്മാർക്ക് ആറുമാസം വരെ തങ്ങാൻ അനുവാദം നൽകുകയാണ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഫലസ്തീനിൽനിന്ന് ഉംറക്കെത്തിയ നിരവധി പേർ ഇസ്രായേൽ ആക്രമണം മൂലം തിരിച്ചുപോകാനാകാതെ സൗദിയിൽ പ്രതിസന്ധിയിലായിരുന്നു. ഇവർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഉദാര സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. തീർഥാടകരോടുള്ള സൗദി അറേബ്യയുടെ അനുകമ്പയെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. ആറു മാസത്തേക്കുള്ള താമസാനുമതി ദുരിതബാധിതരായ വ്യക്തികൾക്ക് അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങുന്നതുവരെ താൽക്കാലിക ആശ്വാസം നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.