പാണ്ടിയൻ വീരമണി ആശുപത്രിയിൽ

രോഗം വീഴ്​ത്തിയയാളെ വണ്ടിയിടിച്ചു; പാണ്ടിയൻ വീരമണിയുടെത്​ ഞെട്ടിക്കുന്ന ദുരിതകഥ

റിയാദ്​: ആദ്യം രോഗം വീഴ്​ത്തി. പിന്നാലെ വാഹനാപകടവും. ഞെട്ടിക്കുന്ന ദുർവിധിയുടെ കഥയാണ്​ പാണ്ടിയൻ വീരമണിയുടേത്​. തമിഴ്​നാട്​ തിരിച്ചിറപ്പള്ളി സിമിലി സ്വദേശിയാണ്​ എൻജിനീയറായ ഈ ഹതഭാഗ്യൻ.

സൗദിയിലെ നജ്​റാനിൽ ഒരു പുതിയ വാട്ടർ കമ്പനിയിൽ പ്ലാൻറ്​ എൻജിനീയറായി എത്തിയതായിരുന്നു. ഇക്കഴിഞ്ഞ നവംബർ 24നാണ്​ വന്നത്​. ഫാക്​ടറിക്കുള്ളിൽ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു. തോളെല്ലിന്​ സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക്​ തിരിച്ചയക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചു.

28ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കൻ എയർലൈൻസ്​ വിമാനത്തിൽ പോകാൻ നജ്​റാനിൽനിന്ന് റിയാദിലെത്തി. രാത്രിയിൽ ഡൊമസ്​റ്റിക്​ ടെർമിനലിൽനിന്ന്​ ഇൻറർനാഷനൽ ടെർമിനലിലേക്ക് നടക്കുന്നതിനിടയിൽ വഴിതെറ്റി എയർപോർട്ടിന്​ പുറത്തെ ഹൈവേയിലേക്ക്​ പ്രവേശിച്ചു. പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിൽപെട്ട്​, ഒരു വാഹനത്തി​െൻറ ഇടിയേറ്റ്​ തെറിച്ചുവീണു. കൈകാലുകൾ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയിൽ​ റോഡരുകിൽ കിടന്നു.

പൊലീസെത്തി ആസ്​റ്റർ സനദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്യിലുണ്ടായിരുന്ന ബാഗും പാസ്​പോർട്ടും സർട്ടിഫിക്കറ്റുകളും നഷ്​ടമായതിനാൽ ആരാണെന്ന വിവരമില്ലായിരുന്നു. പഴ്​സിൽനിന്ന്​ ബഹ്​റൈനിൽ മുമ്പ്​ ജോലി ചെയ്​തിരുന്ന കാലത്തെ ഐ.ഡി കണ്ടെത്തിയതിനാൽ അതിലെ വിവരങ്ങളാണ്​​ ആശുപത്രിയിലെ അഡ്​മിഷൻ രജിസ്​റ്ററിൽ ചേർത്തത്​.

ബഹ്​റൈനിൽ ജോലി ​ചെയ്യുന്നയാൾ റിയാദിൽ വന്നപ്പോൾ അപകടത്തിൽ പെട്ടതെന്ന്​​ പൊലീസും ആശുപത്രിയധികൃതരും കരുതി​. ആശുപത്രിയിലെത്തിയ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ അയാളിൽനിന്ന്​ നാട്ടിലെ ഫോൺ നമ്പർ വാങ്ങി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ്​ സൗദിയിൽ ജോലിക്കെത്തിയയാളാണെന്ന്​ തിരിച്ചറിയുന്നത്​.​ നജ്​റാനിലെ കമ്പനിയധികൃതരുടെ വിവരങ്ങൾ ശേഖരിച്ച്​ അവരെ ബന്ധപ്പെട്ട്​ അപകടവിവരം അറിയിച്ചു.

10 ദിവസം ഐ.സി.യുവിലും 15 ദിവസം വാർഡിലും കിടന്നു. ആകെ 1,45,000 റിയാൽ ചികിത്സാ ബില്ല്​ വന്നു. തൊഴിലുടമ ബില്ല്​ കൊടുക്കാൻ തയാറായില്ല. ഇഖാമ എടുക്കുന്നതിന്​ മുമ്പായിരുന്നു അപകടമെന്നതിനാൽ ഹെൽത്ത്​ ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഹൈവേയിൽ തെറ്റായി പ്രവേശിച്ചുണ്ടായ അപകടമായതിനാൽ അതി​െൻറ ഉത്തരവാദിയും അയാളെന്ന നിലയിൽ ആ നിലക്കുള്ള ആനുകൂല്യത്തിനും അർഹതയില്ലാതായി.

പരിക്കുകൾ ഭേദമായ ശേഷം, സി.ആർ. മഹേഷ്​ എം.എൽ.എയിൽനിന്ന്​ യാത്രാരേഖ ഏറ്റുവാങ്ങുന്നു

ഇന്ത്യൻ എംബസി കൂടി ഇടപെട്ടതോടെ ബില്ല്​ കെട്ടാതെ തന്നെ ഡിസ്​ചാർജ്​ നൽകാൻ ഒടുവിൽ ആശുപത്രി മാനേജ്​മെൻറ്​ തയാറായി. മനസലിഞ്ഞാണ്​ അവരതിന്​ തയാറായതെന്നും ബില്ലി​െൻറ കാര്യത്തിൽ എന്തെങ്കിലും വഴി കണ്ടെത്താമെന്ന് പറഞ്ഞാണ്​​ മാനേജർമാരായ ഷംസീറും സുജിത്​ അലി മൂപ്പനും അത്​ ചെയ്​​തതെന്നും ശിഹാബ്​ കൊട്ടുകാട്​ പറഞ്ഞു.

നാട്ടിലേക്കുള്ള യാത്രാസൗകര്യം ഒരുങ്ങുന്നതുവരെ ബത്​ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ മുറിയെടുത്ത്​ താമസിപ്പിച്ചു. ശിഫ അൽജസീറ ക്ലിനിക്കിൽനിന്ന്​ ആവശ്യമായ പരിചരണം ലഭ്യമാക്കി. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടൽ ചെലവും ഇന്ത്യൻ എംബസി വഹിച്ചു.പാസ്​പോർട്ടും മറ്റ്​ രേഖകളും നഷ്​ടമായതിനാൽ എംബസി പകരം ഔട്ട്​ പാസ്​ അനുവദിക്കുകയായിരുന്നു. ആ സമയത്ത്​ റിയാദ്​ സന്ദർശിച്ച സി.ആർ. മഹേഷ്​ എം.എൽ.എ ഔട്ട്​പാസ്​ അയാൾക്ക്​​ കൈമാറി. പരിക്കുകളെല്ലാം ഭേദമായതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം നാട്ടിലേക്ക്​ തിരിച്ചു. ശിഹാബ്​ കൊട്ടുകാടിനൊപ്പം ഈ പ്രവർത്തനങ്ങൾക്ക്​ തുണയായി തമിഴ്​നാട്​ സ്വദേശി ലോക്​നാഥുമുണ്ടായിരുന്നു.

Tags:    
News Summary - Pandian Veeramani's shocking story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.