റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ ഒരു സംഘം പ്രിൻസിപ്പൽ മീരാ റഹ്മാനുമായി കൂടിക്കാഴ്ച നടത്തി. സ്കൂളിന്റെ അക്കാദമിക പശ്ചാത്തല സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനെക്കുറിച്ചാണ് സ്കൂൾ പ്രതിനിധികളുമായി ചർച്ച നടത്തിയത്. പഠനനിലവാരം കൂട്ടുന്നതിനുവേണ്ടി പഠനോപകരണങ്ങളിൽ മാറ്റം വരുത്താനും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനും നിർദേശങ്ങൾ സമർപ്പിച്ചു.
സ്കൂൾ ബാഗിന്റെ ഭാരം കുറക്കുന്നതിനുള്ള പരിഹാരങ്ങളും മുന്നോട്ടുവെച്ചു. കുട്ടികളുടെ കായിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനുവേണ്ടി നിലവിലെ കളിസ്ഥലം കായികാവശ്യങ്ങൾക്കുവേണ്ടി സജ്ജീകരിക്കുന്നതിനും പുതിയ ട്രാക്കുകൾ നിർമിക്കുന്നതിനും നിർദേശം മുന്നോട്ടുവെച്ചു. പുതിയ സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങുന്നതിനെക്കുറിച്ചും തത്ത്വത്തിൽ ധാരണയായി. വിദ്യാർഥികളുടെ എഴുത്തും വായനശീലവും വർധിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി സൗകര്യങ്ങളും സർഗാത്മക മത്സരങ്ങളും സ്കൂൾ നടത്തുന്നതായിരിക്കും.
പാരൻറ് ഗ്രൂപ് എന്ന വാട്സ്ആപ് കൂട്ടായ്മയാണ് ഈ യോഗത്തിന് ചുക്കാൻപിടിച്ചത്. അധ്യാപകരുടെ മികവുറ്റ ബോധനപ്രവർത്തനങ്ങളെയും കുറ്റമറ്റ യാത്രാസംവിധാനങ്ങളെയും യോഗം പ്രശംസിച്ചു. സ്കൂളിന്റെ പുരോഗതിക്കുവേണ്ടി എല്ലാ സഹായവും വാഗ്ദാനം നൽകിയാണ് യോഗം പര്യവസാനിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, സൂപ്പർവൈസർമാർ, അഡ്മിൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പാരൻറ്സ് പ്രതിനിധികളായ രാജേഷ് കോഴിശ്ശേരി, മനാസ് അൽബുഖാരി, മൻസൂർ ബാബു, സയ്യദ് മിൻഹാജ്, സയ്യദ് മുസൈദിക്, ബിനു എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.