ജിദ്ദ: ഹജ്ജ് കർമങ്ങൾക്കായി തീർഥാടകർ മിനയിലെത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കർശന ആരോഗ്യ മുൻകരുതൽ പാലിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 തീർഥാടകരാണ് ഇൗ വർഷത്തെ ഹജ്ജിനായി മിനയുടെ താഴ്വാരത്തിലെത്തുന്നത്.
ശനിയാഴ്ച അതിരാവിലെ മുതൽ മക്കക്കടുത്ത് വിവിധ സ്ഥലങ്ങളിലൊരുക്കിയ സ്വീകരണകേന്ദ്രങ്ങളിലേക്ക് ശുഭ്രവസ്ത്രമണിഞ്ഞും 'ലബൈക്ക' ചൊല്ലിയും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവ് തുടങ്ങിയിരുന്നു.
അവിടെന്ന് പ്രത്യേക ബസുകളിൽ മസ്ജിദുൽ ഹറാമിലെത്തി തവാഫുൽ ഖുദൂം നിർവഹിച്ചശേഷമാണ് തീർഥാടകർ മിനയിലെത്തിയത്. കാൽനടയായും സ്വന്തം വാഹനങ്ങളിലും ഹറമിലെത്തുന്നതിന് വിലക്കുള്ളതിനാൽ ബസുകളിലാണ് ഹറമിലേക്കും അവിടെ നിന്ന് മിനയിലേക്കും തീർഥാടകരെ എത്തിച്ചത്.
തിരക്കൊഴിവാക്കാൻ ഒാരോ മൂന്ന് മണിക്കൂറിലും 6000 പേർ എന്ന തോതിലാണ് ഹറമിൽ തീർഥാടകരെ സ്വീകരിച്ചത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഹറമിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.
പത്തോളം ഭാഷകളിൽ തീർഥാടകർക്ക് വേണ്ട നിർദേശങ്ങൾ മത്വാഫിെൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. മക്കക്കാരായ തീർഥാടകരെ സ്വീകരണകേന്ദ്രങ്ങളിൽനിന്ന് നേരിട്ടാണ് മിനയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ വരെ തീർഥാടകരെ സ്വീകരിക്കൽ തുടരും. മസ്ജിദുൽ ഹറാമിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള മിന താഴ്വാരത്തിലായിരിക്കും ഇനി നാലുനാൾ തീർഥാടകരുടെ താമസം. ഹജ്ജ് വേളയിൽ തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ വലിയ തമ്പുകളുടെ നഗരിയെന്നറിയപ്പെടുന്ന മിന താഴ്വാരം.
ദുൽഹജ്ജ് 13 വരെ ഇൗ താഴ്വാരം പ്രാർഥനാമുഖരിതമാകും. മിനയിലെത്തിയ തീർഥാടകർക്ക് ആരോഗ്യ മുൻകരുതൽ പാലിച്ചുള്ള താമസസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലച്ചെരുവിലെ ആറ് 'അബ്റാജ് മിന' കെട്ടിടത്തിലും 71 തമ്പുകളിലുമാണ് ഇത്തവണത്തെ തീർഥാടകരുടെ താമസം.
5000 തീർഥാടകരെ അബ്റാജ് മിന കെട്ടിടത്തിലും 55,000 തീർഥാടകരെ മിനയിലെ തമ്പുകളിലുമാണ് താമസിപ്പിക്കുന്നത്. ഒാരോ തീർഥാടകനും നിശ്ചിത അകലം പാലിച്ചുള്ള താമസ സൗകര്യമാണ് റൂമുകളിലും തമ്പുകളിലും ഒരുക്കിയിരിക്കുന്നത്. കോവിഡ് ബാധ സംശയിക്കുന്നവർക്ക് ക്വാറൻറീനായി പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മുൻകരുതൽ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളുമുണ്ട്.
ഭക്ഷണം തയാറാക്കി തീർഥാടകരുടെ റൂമുകളിലും തമ്പുകളിലും എത്തിക്കാൻ പ്രത്യേക കാറ്ററിങ് കമ്പനികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച പുലരുംവരെ തീർഥാടകർ മിനയിൽ പ്രാർഥനയിൽ മുഴുകും. തിങ്കളാഴ്ച ഉച്ചക്ക് മുമ്പായി മുഴുവൻ തീർഥാടകരും അറഫയിലെത്തും.
അറഫയിൽ മസ്ജിദുന്നമിറക്കുചുറ്റും തീർഥാടകരുടെ താമസത്തിനും ആരോഗ്യസുരക്ഷക്കും വേണ്ട വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 3,00,000 ചതുരശ്ര മീറ്ററിലാണ് അറഫയിലെ തമ്പുകൾ. മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മസ്ജിദുൽ ഹറാമിലെ ഇമാമുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ആണ് ഇത്തവണ അറഫ പ്രസംഗം നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.