റിയാദ്: പാകിസ്താനിലെ പെഷവാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ സൗദി എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി സെൻറർ അറിയിച്ചു.
റിയാദിൽനിന്ന് പോയ സൗദി എയർലൈൻസ് വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പെഷവാർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. തീയും പുകയുമുയർന്ന ഉടൻ റൺവേയിൽ ഓടിക്കൊണ്ടിരുന്ന വിമാനം നിർത്തുകയും യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി എക്സിറ്റുകൾ തുറന്ന് ലൈഫ് സ്ലൈഡുകളിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കേന്ദ്രം പറഞ്ഞു. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകളിലൊന്നിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപെട്ട കൺട്രോൾ റൂം അധികൃതർ അതിവേഗം ഇടപെടൽ നടത്തിയാണ് വിമാനം നിർത്തിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. വിമാനത്തിൽ 276 യാത്രക്കാരും 21 ജീവനക്കാരുമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.