റിയാദ്: നാലുവർഷം മുമ്പ് റിയാദിലെ ഒരു സ്വകാര്യ കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന് നിയമനടപടികൾക്കൊടുവിൽ അനുകൂല വിധി ലഭിച്ചിട്ടും നാടണയാൻ കഴിയാത്ത 80ഓളം ആളുകൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിലൊന്നിൽ ആശ്വാസ കിറ്റുകൾ എത്തിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്). എല്ലാ വർഷവും റമദാനിൽ പി.എം.എഫ് നടത്തിവരാറുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ആശ്വാസ കിറ്റ് നൽകുന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്ന മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 80ഓളം ആളുകളാണ് നാലുവർഷമായി അവർക്കനുകൂലമായ കോടതി വിധിയുടെ നഷ്ടപരിഹാരം കാത്തുകഴിയുന്നത്. കൊടും ചൂടും തണുപ്പും വകവെക്കാതെ ഇത്രയും കാലം വൈദ്യുതിയും വെള്ളവും അടക്കം വിച്ഛേദിച്ച് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ഇവർ കമ്പനിയുടെ താമസസ്ഥലത്ത് കഴിഞ്ഞുകൂടുന്നത്. ദുരിതത്തിലായവരിൽ 15ഓളം പേർ മരിച്ചു.
പി.എം.എഫിന്റെ ജീവകാരുണ്യ വിഭാഗം നടത്തിയ അന്വേഷണങ്ങൾക്കിടയിലാണ് ഇത്തരത്തിൽ കഷ്ടപ്പെടുന്ന പ്രവാസികളെ കണ്ടെത്താനും സഹായമെത്തിക്കാനുമായതെന്ന് കാമ്പയിൻ കൺവീനർ സുരേഷ് ശങ്കർ, ബിനു കെ. തോമസ് എന്നിവർ പറഞ്ഞു. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, ഓയിൽ തുടങ്ങിയവ ഉൾപ്പെടുത്തിയതാണ് ഈ വർഷത്തെ റമദാൻ കിറ്റ്. കഴിഞ്ഞ ദിവസം അസീസിയയിലെ ക്യാമ്പ് സന്ദർശിച്ചാണ് പി.എം.എഫ് പ്രവർത്തകർ കിറ്റുകൾ വിതരണം ചെയ്തത്. വിതരണത്തിന് പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം വാലില്ലാപ്പുഴ, സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, കോഓഡിനേറ്റർ ബഷീർ സപ്റ്റിക്കോ, ട്രഷറർ നിസാം കായംകുളം, ജലീൽ ആലപ്പുഴ, റഫീഖ് വെട്ടിയാർ, ഷരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ്, യാസിർ, സിയാദ് വർക്കല, ശ്യാം വിളക്കുപാറ, രാധാകൃഷ്ണൻ പാലത്ത്, റിയാസ് വണ്ടൂർ, സഫീർ, വനിത അംഗങ്ങളായ സിമി ജോൺസൺ, സുനി ബഷീർ, രാധിക സുരേഷ്, ഫൗസിയ നിസാം, ആൻഡ്രിയ ജോൺസൺ, അനാമിക സുരേഷ്, ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി. റമദാനിലെ തുടർന്നുവരുന്ന ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇത്തരത്തിൽ കിറ്റുകളെത്തിച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.