ദമ്മാം: ജനവിരുദ്ധ, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ധിക്കാര സമീപനം അവസാനിപ്പിക്കുന്നതിനും, മതേതര ഭാരതത്തിന്റെ പൈതൃകം തിരിച്ചു കൊണ്ടു വരാനും ജനം കാത്തിരിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു. കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ‘ജനാധിപത്യ പോരാട്ടം, പ്രതീക്ഷയോടെ മതേതര ഭാരതം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തു നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിക്ക് പ്രതീക്ഷകൂടി വരുകയാണ്. കോൺഗ്രസ് വിശാലമായി ചിന്തിക്കുന്നതും രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും കൂടുതൽ കരുത്തേകുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രഖ്യാപനം വരുമ്പോൾ മുന്നൂറിലധികം സീറ്റ് നേടി ഇൻഡ്യ മുന്നണി അധികാരത്തിൽ വരുന്ന നല്ല നാളേക്കുവേണ്ടി നമുക്ക് കാത്തിരിക്കാമെന്നും ടി. മൊയ്തീൻ കോയ പറഞ്ഞു.
കെഎംസി.സി ജില്ല പ്രസിഡന്റ് ഫൈസൽ കൊടുമ അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രോവിൻസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.സൗദി നാഷനൽ കെ.എം.സി.സി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സി.എച്ച് മൗലവി ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം ,കിഴക്കോത്ത് പഞ്ചായത്ത്, കൗൺസിലർ സി.എം. ഖാലിദ്, ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കുളത്തൂർ,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി നാസർ ചാലിയം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് പെരുമണ്ണ നന്ദിയും പറഞ്ഞു.ഷറഫു കൊടുവള്ളി ,കലാം മീഞ്ചന്ത, ഫൈസൽ കരുവൻതുരുത്തി, യു.കെ. മുഹമ്മദ്, മുനീർ നന്ദി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.