ദമ്മാം: തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമീഷൻ സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങളിൽ നാടക അഭിനേതാക്കൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 16 മുതൽ 27 വരെ കിഴക്കൻ പ്രവിശയിലെ അൽഅഹ്സയിലും ആഗസ്റ്റ് 13 മുതൽ 24 വരെ തബൂക്കിലും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ അഞ്ചു വരെ ഹാഇലിലുമാണ് പരിശീലന ക്യാമ്പുകൾ. നാടക രംഗത്തെ വിദഗ്ധർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകും. പ്രതിദിനം മൂന്നു മണിക്കൂർ വീതം 10 ദിവസം ക്യാമ്പ് നീളും.
ആദ്യ ഘട്ടം പുതിയ അഭിനേതാക്കൾക്ക് പരിശീലനം നൽകുമ്പോൾ രണ്ടാം ഘട്ടത്തിൽ നിലവിലെ അഭിനേതാക്കൾക്ക് അഭിനയം മെച്ചപ്പെടുത്തുന്നതിന് പരിശീലനം നൽകും. 40 വിദ്യാർഥികൾക്ക് ഉൾെപ്പടെ 80 പേർക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. നാടകത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം നൽകുന്നതിനൊപ്പം, അഭിനയത്തിലും അവരുടെ മറ്റു കഴിവുകളിലും വിജയം വരിക്കുന്നതിന് അഭിനേതാക്കളെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
ഭാഷ, പദാവലി, അഭിനയ സാങ്കേതികതകൾ, മെച്ചപ്പെടുത്തൽ തുടങ്ങി സർവതല സ്പർശിയായ അവബോധം അഭിനേതാക്കളിൽ സൃഷ്ടിക്കലാണ് ലക്ഷ്യം. ആദ്യ ദിവസം നാടകത്തിൽ ശരീരം, ശബ്ദം എന്നിവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അഭിനേതാക്കൾക്ക് പരിശീലനം നൽകും. തുടർന്ന് ഏകാഗ്രത ആർജ്ജിക്കൽ, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളിൽ അഭിനേതാക്കളെ പരിശീലിപ്പിക്കും. ഇതെല്ലാം ഒത്തുചേരുന്ന തരത്തിലുള്ള നാടക പ്രകടനത്തോടെ ക്യാമ്പ് അവസാനിപ്പിക്കും.
സാംസ്കാരിക വികസനത്തിന് നാടകം നൽകുന്ന സംഭാവനകൾ ഏറെയാണ്. ഈ ബോധ്യത്തിൽനിന്നാണ് നാടക മേഖലയെ കൂടുതൽ വിശാല കാഴ്ചപ്പാടോടെ വിപുലീകരിക്കാൻ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമീഷൻ തീരുമാനിച്ചിട്ടുള്ളത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഇടവേളകളിൽ തുടർപരിശീലനം നൽകാനും ആർട്സ് കമീഷൻ ഉദ്ദേശിക്കുന്നു. സൗദിയുടെ സംസ്കാരിക ചലനങ്ങളെ ഉത്തേജിപ്പിക്കാനും ജീവിതം പറയാനുമുള്ള ഉപാധിയാക്കി നാടകങ്ങളെ പരിശീലിപ്പിക്കും. അറബ് മേഖലക്ക് സമൃദ്ധമായ നാടക പാരമ്പര്യമാണുള്ളത്. അതിനെ ആധുനിക മേഖലക്ക് അനുഗുണമായ രീതിയിലേക്ക് പരിവർത്തിപ്പിക്കുക എന്നതും പരിശീലന ക്യാമ്പ് ലക്ഷ്യമിടുന്നു.
തിയറ്ററിനെക്കുറിച്ചുള്ള അവബോധം വളർത്താനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം പുതിയ കലയുടെ മൂല്യം ഉറപ്പിക്കാനും കലാകാരന്മാരുടെ ഒരു ഡേറ്റബേസ് രൂപവത്കരിക്കാനും അവരുടെ വികസനത്തിന് സംഭാവന നൽകാനും ഇത് ശ്രമിക്കുന്നു. ഈ ശ്രമങ്ങൾ രാജ്യത്തിലെ തിയറ്റർ പ്രാക്ടീഷണർമാരെ ശാക്തീകരിക്കുന്നതിനുള്ള കമീഷന്റെ നിലവിലുള്ള സംരംഭങ്ങളുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.