റിയാദ്: വ്യാപാരിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ എൻ. മുഹമ്മദലി എന്ന ബാപ്പു പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. നാലു പതിറ്റാണ്ടായി ജോലിയിലും ബിസിനസ് രംഗത്തും ചെലവഴിച്ച അദ്ദേഹത്തിന്റെ തട്ടകം റിയാദിലെ ഉലയ്യയും റബുഅ എന്ന പ്രദേശവുമായിരുന്നു. സാമൂഹികസേവന മേഖലകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിരവധി വ്യക്തികൾക്കും സംരംഭങ്ങൾക്കും തണലായി.
മലപ്പുറം കൊടിഞ്ഞി സ്വദേശിയായ എൻ. മുഹമ്മദലി അൽ-ഖൈത്ത് എന്ന ഫുഡ് കമ്പനിയിലെ ജോലിക്കാരനായാണ് 41 വർഷം മുമ്പ് റിയാദിൽ എത്തിയത്. ഉലയ്യയിൽ ചൈനീസ് റസ്റ്റാറന്റിൽ ഏതാനും വർഷങ്ങൾ ജോലിചെയ്തു. പിന്നീട് റിയാദിലെ റബുഅയിൽ 'സൽവ എക്സിബിഷൻ'എന്ന പേരിലാരംഭിച്ച റെഡിമെയ്ഡ് വസ്ത്രവ്യാപാരം തന്റെ ബിസിനസ് പങ്കാളി സി.പി. അബ്ദുൽ മജീദിനോടൊപ്പം മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയാണ് ഇപ്പോൾ നാട്ടിലേക്കു പോകുന്നത്.
പ്രദേശത്തെ മുഴുവൻ മലയാളികളുടെയും ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു സൽവ. നാട്ടിൽനിന്നുവരുന്ന കത്തുകൾ, പത്രങ്ങൾ, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കെല്ലാം അടുത്തകാലം വരെ ഒരുപാടു പേർ ആശ്രയിച്ചിരുന്നത് ഈ സ്ഥാപനത്തെയായിരുന്നു. ഹൃദ്യമായ പെരുമാറ്റവും സാധാരണ ജനങ്ങളെ ചേർത്തുപിടിക്കാനുള്ള കഴിവും ബാപ്പുവിന്റെ പ്രത്യേകതയായിരുന്നു. വിവിധ ഭാഷക്കാരായ വലിയൊരു സൗഹൃദവൃന്ദത്തിന്റെ ഉടമകൂടിയാണ്. തനിമ സാംസ്കാരികവേദിയുടെ പ്രവർത്തകൻകൂടിയായ ഇദ്ദേഹം നാട്ടിലും ജനക്ഷേമപ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളും സജീവമാണ്.
ഭാര്യ: സൈനബ. അഞ്ചു മക്കളുണ്ട്. മൂത്ത മകൻ ശുഐബ് റിയാദിലുണ്ട്. കഴിഞ്ഞ ദിവസം തനിമ നസീം ഏരിയയുടെ കീഴിൽ ബാപ്പുവിന് യാത്രയയപ്പ് നൽകി. ഏരിയ കൺവീനർ ഷംസുദ്ദീൻ പെരുമ്പിലാവ് അധ്യക്ഷത വഹിച്ചു. അംജദ് അലി, അജ്മൽ ഹുസൈൻ, റഹ്മത്തുല്ല, ജഹാംഗീർ, അബൂബക്കർ താഴക്കോട്, ഷാനവാസ് എന്നിവർ സംസാരിച്ചു. ബാപ്പു മുഹമ്മദലി മറുപടിപ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.